അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

ഉയരപ്പാത നിർമാണ മേഖലയിലെ അപകടം: കരുതൽ നടപടികളുമായി അധികൃതർ

അരൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ കഴിഞ്ഞദിവസം ഗർഡര്‍ നിലംപൊത്തി ഹരിപ്പാട് സ്വദേശി പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് മരിക്കാനിടയായ സാഹചര്യത്തിൽ സർക്കാർ സംവിധാനം കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ജാഗ്രത ഉറപ്പുവരുത്താൻ കർശന നിർദേശം.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം കലക്ടർ അലക്സ് വർഗീസ് വിളിച്ചുചേർത്തിരുന്നു. ബദൽ റോഡുകളുടെ അറ്റകുറ്റപ്പണിയും ടാറിങ്ങും ഡിസംബർ ആദ്യവാരം തന്നെ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. നിർമാണം പൂർത്തിയായ ഭാഗങ്ങളിലെ മണ്ണും അവശിഷ്ടങ്ങളും വേഗം നീക്കം ചെയ്യണം. 25 പൊലീസ് ഉദ്യോഗസ്ഥരെയും 86 മാർഷൽമാരെയും നിയോഗിച്ചു.

നൈറ്റ് ട്രാഫിക് ഓഡിറ്റ് മോട്ടോർ വാഹന വകുപ്പ് നടത്തും. അപകടസാധ്യതയുള്ള 19 സ്ഥലങ്ങളിൽ ഡിസംബർ 25നകം ട്രാഫിക് ഓഡിറ്റ് നടത്താനും തീരുമാനിച്ചു. മാർഷൽമാരുടെ ഒരാഴ്ചത്തെ ഷെഡ്യൂൾ മുൻകൂട്ടി പൊലീസിന് കൈമാറണം.

യോഗത്തിൽ ഉയരപ്പാതയുടെ നിർമാണ പുരോഗതി വിലയിരുത്തി. ആകെ 379 ബേകളിൽ 313ൽ പണികൾ പൂർത്തിയായി. ബാക്കി 66 ബേകളിലെ 168 ഗർഡറുകളും ഡിസംബറോടെ തീർക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പുനൽകി. കയ്യേറ്റങ്ങൾ കണ്ടെത്താൻ സർവേ ടീം രംഗത്തിറങ്ങും. നിർമാണവുമായി ബന്ധപ്പെട്ട് കർശന സുരക്ഷ ഉറപ്പുവരുത്തണമെന്ന് ദേശീയപാത അതോറിറ്റിയോടും നിർമാണ കമ്പനിയോടും നിർദേശിച്ചു.

നിർമാണ കമ്പനിക്ക് വീഴ്ചയെന്ന് വിലയിരുത്തൽ

അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവലോകനം ചെയ്തു. അപകടത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയതായി യോഗം വിലയിരുത്തി. കർശന സുരക്ഷ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമെ ഇനി നിർമാണ പ്രവർത്തനങ്ങൾ നടത്താവൂ എന്ന് നിർദേശം നൽകി.

ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്ന സമയത്ത് പൊലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചുവിടലും ഉൾപ്പെടെ നടത്തിയ ശേഷമേ പ്രവൃത്തികൾ ആരംഭിക്കാവൂ എന്ന് ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കണം. നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുമ്പ് തന്നെ തയ്യാറാക്കി നിർമാണ കമ്പനി പൊലീസിന് നൽകണം. ഇതിന് അനുസൃതമായി പൊലീസ് ഗതാഗത ക്രമീകരണം നടത്തണം.

ഗതാഗതം ക്രമീകരിക്കുന്നതിനായി നിയോഗിച്ചിട്ടുള്ള പൊലീസും നിർമാണ കമ്പനിയുടെ മാർഷൽമാരും കൃത്യമായി ജോലി നിർവഹിക്കുന്നുണ്ടോയെന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. ഗതാഗതം വഴിതിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ ആദ്യം തന്നെ പൂർത്തീകരിക്കാൻ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദേശീയപാതയിലെ അപകട മേഖലകളിൽ നവംബർ 25നകം ട്രാഫിക് ഓഡിറ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. യോഗ തീരുമാനങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ വരും ദിവസങ്ങളിലും പരിശോധന തുടരും.

Tags:    
News Summary - Accident in elevated road construction area: Authorities taking precautionary measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.