ആ​ല​പ്പു​ഴ കോ​ട​തി​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തെ പ​ച്ച​ക്ക​റി​ക്ക​ട

തിളച്ചുകയറുന്നു, പച്ചക്കറി വില: സെഞ്ച്വറിയടിച്ച് തക്കാളി, മുരിങ്ങക്ക; ബീൻസിന് 120

അമ്പലപ്പുഴ: പാചക വാതകവില 1000 രൂപയായി ഉയര്‍ന്നതിന് പിന്നാലെ പച്ചക്കറി വിലയിലും വൻകുതിപ്പ്. തക്കാളിക്ക് രണ്ടുദിവസമായി 100 രൂപയാണ് വില. ബുധനാഴ്ച മുരിങ്ങക്ക വിലയും നൂറിലെത്തി. ബീന്‍സിനാകട്ടെ കിലോക്ക് 120 രൂപയാണ് വില. കഴിഞ്ഞ ദിവസം തക്കാളിക്കും ബീന്‍സിനും 100 രൂപ ആയിരുന്നു. ബുധനാഴ്ചയാണ് ബീൻസി‍െൻറ ചില്ലറ വില്‍പന വില ജില്ലയിൽ 120ൽ എത്തിയത്. മുരിങ്ങക്കക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നര കിലോ 50 ആയിരുന്നത് തിങ്കളാഴ്ച ഒരു കിലോക്ക് 50 രൂപയും ബുധനാഴ്ച 100 രൂപയുമായി. കഴിഞ്ഞയാഴ്ച 70 രൂപയായിരുന്ന തക്കാളിക്കാണ് പെട്ടെന്ന് വില കയറിയത്. ബീറ്റ്റൂട്ടിന് ചില്ലറ വിൽപന 60 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 40 രൂപയായിരുന്നതാണ് 60 രൂപയായത്. കഴിഞ്ഞ ആഴ്ചയെക്കാള്‍ പകുതിയിലേറെ വിലയാണ് പച്ചക്കറികൾക്ക് കൂടിയിരിക്കുന്നത്.

പയറി‍െൻറ വില 40ല്‍നിന്ന് 80ലേക്കാണ് കുതിച്ചത്. മറ്റ് പച്ചക്കറികള്‍ക്ക് വിലയില്‍ വലിയ മാറ്റം വന്നിട്ടില്ലെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. പച്ചക്കറി വില ഉയര്‍ന്നതോടെ ഹോട്ടലുകളില്‍ സാമ്പാറിലും അവിയലിലും പ്രധാന ഇനങ്ങള്‍ ഒഴിവാക്കി. ഊണിനൊപ്പമുള്ള വിഭവങ്ങള്‍ക്കും മാറ്റം വരുത്തി. മഴയുടെ ആരംഭത്തോടെ സവാളയുടെയും ഉള്ളിയുടെയും വിലയാണ് വീട്ടമ്മമാരുടെ കണ്ണ് നനച്ചിരുന്നത്. എന്നാല്‍, ഇവയുടെ വില മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്.

കമ്പം, തേനി, മൈസൂരു തുടങ്ങിയ ഇടങ്ങളില്‍ ഉൽപാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.

Tags:    
News Summary - vegetable price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.