ജ​യ​ന്‍ പൂ​ച്ച​ക​ള്‍ക്കൊ​പ്പം

വഴിയോരങ്ങളിലെ പൂച്ചകള്‍ ജയന്റെ കൈകളില്‍ സുരക്ഷിതരാണ്

അമ്പലപ്പുഴ: വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട പൂച്ചകൾ ജയന്റെ വീട്ടില്‍ സുരക്ഷിതമാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഗുരുപാദം ഇരുപത്തിഅഞ്ചിൽ ഇ.കെ. ജയന്റെ വീട്ടിലാണ് സ്വന്തം മക്കളെപ്പോലെ പൂച്ചകള്‍ക്കും കഴിയാന്‍ ഇടമൊരുക്കിയിരിക്കുന്നത്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശ്രദ്ധയിൽപെടുന്ന പൂച്ചകളെ വീട്ടില്‍ കൊണ്ടുവന്ന് സംരക്ഷിക്കുകയാണ് ജയന്‍. ഇതിന് മാതാവ് തങ്കമ്മക്കും എതിര്‍പ്പൊന്നുമില്ല.

ഭാര്യ റെയ്ച്ചലും മകൾ അലീനയും മകൻ അജിത്തും ജയന്‍റെ പ്രവൃത്തിക്ക് കൂട്ടായുണ്ട്. തള്ളപ്പൂച്ചകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 15ഓളം പൂച്ചകളുണ്ട്. ഇവര്‍ക്ക് പ്രത്യേകം കൂടുകളുമുണ്ട്. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇ.കെ. ജയന്‍റെ വണ്ടിയുടെ ശബ്ദം കേട്ടാല്‍ പൂച്ചകള്‍ ഓടിയെത്തും. ദിവസം നാലുകിലോ അരിയുടെ ചോറ് വെക്കും.

മീനില്ലാതെ ഇവരാരും ചോറ് കഴിക്കാറില്ല. കുടംപുളിയിട്ട് നല്ല എരിവോടെ വേണം മീന്‍കറി. ഓരോരുത്തരുടെയും പേരെടുത്ത് വിളിച്ചാണ് ചോറുകൊടുക്കുന്നത്. നല്ല മീന്‍കറിയല്ലെങ്കില്‍ മണം പിടിച്ചിട്ട് ചോറ് കഴിക്കാതെ മടങ്ങിപ്പോകും. പുലര്‍ച്ച അഞ്ചോടെ റെയ്ച്ചലിന്‍റെയും അലീനയുടെയും ജോലി ആരംഭിക്കും. പൂച്ചകള്‍ കിടക്കുന്നിടം വൃത്തിയാക്കലാണ് ആദ്യം. അതിനുശേഷമാണ് അടുക്കള ജോലിയിലേക്ക് കടക്കുന്നത്‌.

പൂച്ചകള്‍ മാത്രമല്ല തെരുവില്‍ ഉപേക്ഷിച്ചതും അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന നായ്ക്കളെയും വീട്ടില്‍ കൊണ്ടുവന്ന് ജയന്‍ പരിപാലിക്കാറുണ്ട്. ഇവര്‍ക്കുള്ള ചികിത്സക്കായി ഭീമമായ തുക പലപ്പോഴും വേണ്ടിവരാറുള്ളതായി ജയന്‍ പറയുന്നു. കുഞ്ഞുപൂച്ചകള്‍ തമ്മിലുള്ള കളികളും വലിയ പൂച്ചകളുടെ ഉരുമലും തലോടലും ചില ദിവസങ്ങളിലുണ്ടാകുന്ന മാനസികസമ്മര്‍ദങ്ങള്‍ക്ക് പരിഹാരമാകാറുള്ളതായി ജയന്‍ പറയുന്നു.

Tags:    
News Summary - story of cat rescuer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.