എ​ച്ച്. സ​ലാം എം.​എ​ല്‍.​എ ലാ​പ്ടോ​പ് അ​പ്പു​വി​ന് കൈ​മാ​റു​ന്നു


അറിവിന്‍റെ യാത്രയില്‍ അപ്പുവിന് കൈത്താങ്ങായി എച്ച്. സലാം

അമ്പലപ്പുഴ: അറിവിന്‍റെ ലോകത്തേക്കുള്ള അപ്പുവിന്‍റെ യാത്രയിൽ പരിമിതികളെ മറികടക്കാൻ കൈത്താങ്ങുമായി എച്ച്. സലാം എം.എൽ.എ. ഏറെ നാളായി ആഗ്രഹിച്ച ലാപ്ടോപ്പുമായാണ് എം.എൽ.എ പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് അപ്പു നിവാസിൽ പുഷ്കരൻ-ശ്യാമള ദമ്പതികളുടെ മകൻ അപ്പുവിന്‍റെ (22) വീട്ടിലെത്തിയത്.

ഇരുകാലും ഒരുകൈയുമില്ലാത്ത അപ്പു ബി.എ പഠനം പൂർത്തിയാക്കിയശേഷം അനിമേഷൻ (ഡി.എം.എ) കോഴ്സ് പഠിക്കുകയാണ്. ഇത് പൂര്‍ത്തിയാക്കണമെങ്കില്‍ മികച്ച സംവിധാനമുള്ള ലാപ്ടോപ് ആവശ്യമായിരുന്നു. എന്നാല്‍, 77,000 രൂപ വിലവരുന്ന ലാപ്ടോപ് വാങ്ങാനുള്ള സാമ്പത്തികശേഷി അപ്പുവിന്‍റെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് സഹായമഭ്യർഥിച്ച് എച്ച്. സലാം എം.എൽ.എക്ക് അപ്പു വാട്സ്ആപ് സന്ദേശമയച്ചത്. പിന്നാലെ അപ്പുവിന്‍റെ സുഹൃത്തും വണ്ടാനം സ്വദേശിയുമായ സിബു ഇല്ലിക്കൽ അപ്പുവിന്‍റെ ദുരിതാവസ്ഥ എം.എൽ.എയെ ബോധ്യപ്പെടുത്തി.

തുടർന്ന് എച്ച്. സലാം തോട്ടപ്പള്ളിയിലെ സി.പി.എം അംഗമായ രഘു വഴി ദമ്മാമിൽ ജോലി ചെയ്യുന്ന സുഹൃത്തും ഇടതുസംഘടനയായ നവോദയ എക്സിക്യൂട്ടിവ് അംഗവുമായ തോട്ടപ്പള്ളി അമ്പാടിയിൽ സുനിലുമായി ബന്ധപ്പെട്ടു. ഇതോടെ സുനിൽ അപ്പുവിന് ലാപ്ടോപ് നൽകാൻ തയാറാകുകയായിരുന്നു. എച്ച്. സലാം എം.എൽ.എ അപ്പുവിന് വീട്ടിലെത്തി ലാപ് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. വേണുലാൽ, പഞ്ചായത്ത് അംഗം രാഹുൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. അരുൺ, സുനിൽ, രഘു, സിബു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Appu journey of knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.