ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന്റെ മുറ്റത്ത് പൂട്ടുകട്ട പാകൽ പണികൾ നടക്കുന്നു
ആലപ്പുഴ: നഗരസഭ ശതാബ്ദിയുടെ ഭാഗമായി പണികഴിപ്പിച്ച പുതിയ മന്ദിരത്തിലേക്ക് ഓഫിസ് പ്രവർത്തനം മാറാനൊരുങ്ങുന്നു. മാർച്ചിൽ ഓഫിസ് പൂർണമായും പുതിയ മന്ദിരത്തിലേക്ക് മാറ്റാനാണ് നീക്കം.
നാലുവർഷം മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം ആരംഭിക്കാനാകാതെ ശതാബ്ദി സ്മാരക മന്ദിരം പൂട്ടിയിരുന്നു. കൗൺസിൽ ഹാളിൽ വൈദ്യുതി കണക്ഷൻ ലഭ്യമാകുകയും മൈക്കുകൾ സജ്ജമാക്കുകയും വേണം. മുറ്റത്ത് പൂട്ടുകട്ട പാകുകയാണ്. ഇവ രണ്ടും പൂർത്തിയായാൽ ഓഫിസ് മാറ്റാനാകും.
ഇപ്പോഴത്തെ കെട്ടിടത്തിൽനിന്ന് നഗരസഭ ഓഫിസും കൗൺസിൽ ഹാളും ഉൾപ്പെടെയുള്ള ഓഫിസ് സംവിധാനം പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റും. 52 വാർഡ് മാത്രമേ ഉള്ളൂവെങ്കിലും ഭാവിയിൽ കോർപറേഷൻ ആയാൽ 125 പേര്‍ക്കിരുന്ന് യോഗം നടത്താവുന്ന തരത്തിലുള്ള കോണ്‍ഫറന്‍സ് ഹാൾ കെട്ടിടത്തിന്റ നാലാം നിലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ചെയർമാൻ, വൈസ് ചെയർമാൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, റവന്യൂ, എൻജിനീയറിങ്, ആരോഗ്യ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേകം കാബിനുകളുമുണ്ട്. ഇപ്പോഴുള്ള പരിമിതമായ സൗകര്യങ്ങളിൽനിന്ന് വ്യത്യസ്തമായി വിപുല സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിലുള്ളത്. റവന്യൂ, ജനറൽ സെക്ഷൻ, പെൻഷൻ വിഭാഗം, പി.എം.എ.വൈ വിഭാഗങ്ങൾ ഇപ്പോഴുള്ളതിന്റെ പത്തിരട്ടിയോളം സൗകര്യമുള്ള സംവിധാനത്തിലേക്കാണ് മാറുന്നത്.
ആരോഗ്യ വിഭാഗത്തിന്റെ 10 സർക്കിളുകളും പുതിയ മന്ദിരത്തിലേക്ക് മാറും. ഇതിൽ അഞ്ച് എണ്ണം ഇപ്പോൾ പുറത്ത് വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. എല്ലാ നിലയിലും ജനങ്ങള്‍ക്ക് മാത്രമായി വിശ്രമസ്ഥലം, ശുചിമുറി, അംഗപരിമിതര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഇരിപ്പിടം, എ.സി മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ജനസേവന കേന്ദ്രത്തിനു മുമ്പില്‍ 40 പേര്‍ക്കുള്ള ഇരിപ്പടവുമുണ്ടാകും.
പൂട്ടുകട്ട പാകലും കൗൺസിൽ ഹാൾ വൈദ്യുതീകരണവും പൂർത്തിയായാൽ ഓഫിസ് മാറ്റുമെന്ന് നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു. മാർച്ചിൽ ഓഫിസ് മാറ്റണമെന്നാണ് കരുതുന്നത്. നോമ്പ് കാലം വരുന്നതിന്റെ തടസ്സമുണ്ട്. എന്നിരുന്നാലും മാർച്ചിൽ തന്നെ മാറാനാണ് തയാറെടുക്കുന്നതെന്നും ജയമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.