ആലപ്പുഴ: ആലപ്പുഴ നഗരസഭ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ നാടകീയത. എസ്.ഡി.പി.ഐ പിന്തുണയോടെ സ്ഥിരംസമിതിയിലേക്ക് മത്സരിച്ച എൽ.ഡി.എഫ് വനിതകൾ വിജയിച്ചു. ബുധനാഴ്ച രാവിലെ ആറ് സ്ഥിരം സമിതിയിലെ വനിതസംവരണസീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് മുല്ലാത്തുവളപ്പ് വാർഡിലെ എസ്.ഡി.പി.ഐ അംഗം സാഹിലമോൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തത്. ഇത് ആശങ്ക പരത്തിയെങ്കിലും വോട്ടുവേണ്ടെന്ന നിലപാട് ഇടതുമുന്നണി സ്വീകരിച്ചില്ല. എൽ.ഡി.എഫുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിച്ചതെന്നാണ് യു.ഡി.എഫ് ആരോപണം.
സ്ഥിരംസമിതികളായ ധനകാര്യം, പൊതുമരാമത്ത്, ആരോഗ്യം എന്നിവ യു.ഡി.എഫും വികസനം, ക്ഷേമകാര്യം എൽ.ഡി.എഫും സ്വന്തമാക്കി. നാല് അംഗങ്ങൾവീതം തുല്യതപാലിച്ച വിദ്യാഭ്യാസം നറുക്കെടുപ്പിലൂടെ തീരുമാനിക്കും. മറ്റ് സ്ഥിരംസമിതികളായ ധനകാര്യത്തിലും വികസനത്തിലും ആളുകൾ കുറവാണ്. അതിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 10.30ന് കൗൺസിൽ ഹാളിൽ ചേരും. സ്ഥിരംസമിതി അംഗങ്ങളുടെ എണ്ണം ഉറപ്പാക്കിയശേഷം തിങ്കളാഴ്ച സ്ഥിരംസമിതി അധ്യക്ഷരുടെ തെരഞ്ഞെടുപ്പ് നടക്കും.
ഉച്ചക്കുശേഷം ജനറൽവിഭാഗത്തിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് നടന്നത്. ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യം സമിതിയിലേക്ക് ഒമ്പതുപേരെയും പൊതുമരാമത്ത്, വിദ്യാഭ്യാസം സമിതിയിലേക്ക് എട്ടുപേർ വീതമാണ് വേണ്ടത്. ഓരോസമിതിയിലേക്കും ചേർക്കണമെന്ന് കാണിച്ച് അംഗങ്ങൾ കത്തുനൽകിയിരുന്നു. ഇതിൽ പൊതുമരാമത്തിലും വിദ്യാഭ്യാസത്തിലും ആളുകൾ കൂടുതലായതിനാൽ വോട്ടെടുപ്പ് വേണ്ടിവന്നു.
ധനകാര്യസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ മാത്രമാണ് എസ്.ഡി.പി.ഐ അംഗംവിട്ടുനിന്നത്. ബാക്കിയുള്ള വികസനം, വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, ക്ഷേമം അടക്കമുള്ള തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ എൽ.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. അതേസമയം, ബലാബലം അംഗങ്ങളുള്ള വോട്ടെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യത പാലിച്ചതിനാൽ ചിലതിന് നറുക്കെടുപ്പും വേണ്ടിവന്നു. ആകെയുള്ള 53 അംഗബലത്തിൽ 24 യു.ഡി.എഫിനും 23 എൽ.ഡി.എഫിനും അഞ്ച് ബി.ജെ.പിക്കുമുണ്ട്. ഒരംഗങ്ങൾവീതം എസ്.ഡി.പി.ഐക്കും പി.ഡി.പിക്കുമുണ്ട്. പി.ഡി.പി അംഗം എസ്. ഫൈസൽ എൽ.ഡി.എഫിനെയാണ് പിന്തണച്ചത്. സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ യു.ഡി.എഫിനൊപ്പം ചേർന്ന് വൈസ് ചെയർമാനായി.
ധനകാര്യത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.കെ.ജയമ്മയും ബി.ജെ.പിയിലെ പ്രേമ ഉദയകുമാറുമാണ് മത്സരിച്ചത്. കെ.കെ. ജയമ്മക്ക് 23 വോട്ട് നേടി വിജയിച്ചു. ബി.ജെ.പിക്ക് നാലുവോട്ടാണ് കിട്ടിയത്. ആരോഗ്യപ്രശ്നം മൂലം കളർകോട് ബി.ജെ.പി അംഗം ദീപ്തി ഉണ്ണികൃഷ്ണൻ ഹാജരായില്ല. യു.ഡി.എഫിലെ 25 വോട്ടുകളും അസാധുവാക്കി. വികസനസ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സതീദേവി, യു.ഡി.എഫിലെ ശ്രീലത ജയകുമാർ, ബി.ജെ.പിയിലെ പ്രേമ ഉദയകുമാർ എന്നിവരാണ് മത്സരിച്ചത്. ഇതിൽ 24വോട്ട് നേടിയ സതീദേവി വിജയിച്ചു. യു.ഡി.എഫിലെ ശ്രീലതക്ക് 23വോട്ടും കിട്ടി. കോൺഗ്രസിലെ നൂറുദ്ദീൻകോയയുടെ വോട്ട് അസാധുവായി.
പൊതുമരാമത്ത് സ്ഥിരസമിതി വോട്ടെടുപ്പിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സി. ജ്യോതിമോൾ വിജയിച്ചു. ജ്യോതിമോളും എൽ.ഡി.എഫിലെ ബിന്ദു തോമസ് കളരിക്കലും 24 വീതം വോട്ടുകൾ നേടിയാണ് തുല്യതപാലിച്ചത്. ബി.ജെ.പിയിലെ ജിജി വി. ആണ് മത്സരിച്ചത്. ആരോഗ്യസ്ഥിരം സമിതിയിലേക്ക് 24 വോട്ടുനേടി കോൺഗ്രസിലെ സി.എസ്. ഷോളി വിജയിച്ചു. എൽ.ഡി.എഫിലെ ബീന ജോസഫ് ആയിരുന്നു എതിരാളി. വിദ്യാഭ്യാസം സ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സൗമ്യരാജ് വിജയിച്ചു.
യു.ഡി.എഫിലെ ഷംന മൻസൂർ ആയിട്ടായിരുന്നു മത്സരം. 24വീതം വോട്ടുകൾ നേടിയ തുല്യത പാലിച്ചതോടെ നറുക്കെടുപ്പിൽ സൗമ്യരാജ് വിജയിക്കുകയായിരുന്നു. ക്ഷേമകാര്യസമിതിയിൽ എൽ.ഡി.എഫിന്‍റെ രശ്മി സനിൽ, മുസ്ലിംലീഗിലെ ബീന കൊച്ചുബാവ എന്നിവർ തമ്മിലായിരുന്നു മത്സരം. ഇതിലും വോട്ട് തുല്യതപാലിച്ചതോടെ എൽ.ഡി.എഫിലെ രശ്മി നറുക്കെടുപ്പിലൂടെ വിജയംനേടി. വരണാധികാരി സബ്കലക്ടർ സമീർ കിഷൻ, മുനിസിപ്പൽ സെക്രട്ടറി സനിൽകുമാർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.