ആ​ല​പ്പു​ഴ ബൈ​പാ​സി​ലെ ബീ​ച്ച്​ ഭാ​ഗ​ത്തെ മേ​ൽ​പാ​ലം

അപകടപാതയായി ആലപ്പുഴ ബൈപാസ്

ആലപ്പുഴ: സംസ്ഥാനത്തെ ബീച്ചിലൂടെയുള്ള ഏറ്റവും നീളം കൂടിയ മേൽപാലമാണ് ആലപ്പുഴ ബൈപാസ്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 2021 ജനുവരി 28ന് ബൈപാസ് തുറന്നതിനുശേഷം അപകടം തുടർക്കഥയാണ്. വലുതും ചെറുതുമായ 75ലധികം അപകടത്തിൽ 10ലധികം ജീവൻ പൊലിഞ്ഞു.

അപകടം ആവർത്തിക്കുമ്പോഴും സുരക്ഷസംവിധാനം ഒരുക്കുന്നതിൽ ദേശീയപാത വിഭാഗത്തിന്‍റെ അലംഭാവം തുടരുകയാണ്. 6.8 കിലോമീറ്ററുള്ള ബൈപാസിൽ രാത്രിയും പുലർച്ചയുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്.

ബൈപാസിലെ വെള്ളക്കെട്ടിൽ കയറി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് മെഡിക്കൽ വിദ്യാർഥിനി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.ബൈപാസിന്റെ പലയിടത്തും വെള്ളം ഒഴുകിപ്പോകാൻ ഓവുചാലുകൾ സ്ഥാപിച്ചെങ്കിലും പലതും മണ്ണും ചളിയും വന്ന് അടഞ്ഞതാണ് പ്രശ്നം. അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ വെള്ളത്തിലൂടെ പോകുമ്പോൾ എതിരെ വരുന്ന വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ ചളിവെള്ളം തെറിച്ച് കാഴ്ച മങ്ങി അപകടത്തിൽപെടാനുള്ള സാധ്യതയുണ്ട്.

ഗതാഗതക്കുരുക്ക് ഒഴിവാക്കി ആലപ്പുഴ നഗരത്തില്‍ കയറാതെ പോകാമെന്നതിനാല്‍ രാത്രിയും പകലും ബൈപാസില്‍ വാഹനതിരക്ക് കൂടുതലാണ്. നല്ല റോഡായതിനാല്‍ ചെറുവാഹനങ്ങള്‍ അടക്കമുള്ളവ രാത്രി അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പൂര്‍ത്തിയായ ബൈപാസില്‍ ആദ്യദിനംതന്നെ അപകടമുണ്ടായി.

ഉദ്ഘാടന ദിവസത്തെ തിരക്കിനിടയിൽ മൂന്ന് വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നൊന്നായി ഇടിച്ചാണ് അപകട പരമ്പരക്ക് തുടക്കമിട്ടത്. രണ്ടാംദിനം ബൈപാസ് കവാടമായ കൊമ്മാടിയിൽ ലോറിയിടിച്ച് ടോൾബൂത്തുകളും തകർത്തു. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ നിരവധി അപകടത്തിന് ബൈപാസ് സാക്ഷ്യംവഹിച്ചു.

ഏപ്രിലിൽ മാളികമുക്ക് മേൽപാലത്തിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രികനായ ആഷ്ലിൻ ആന്‍റണിയുടെ (26) മരണമാണ് ആദ്യത്തേത്. തൊട്ടുപിന്നാലെ സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറി നീർക്കുന്നം സ്വദേശി സുധീഷിന്‍റെയും (48) കാഞ്ഞിരംചിറ ലെവൽ ക്രോസിന് മുകളിൽ കാറുകൾ കൂട്ടിയിടിച്ച് മരട്‌ സ്വദേശി സുനില്‍കുമാറിന്‍റെയും (40) ചെല്ലാനം സ്വദേശി ബാബുവിന്‍റെയും (40) മരണവാർത്തകളെത്തി.

ബൈപാസിൽ ഇരുവാട് ഭാഗത്ത് പിതൃസഹോദരനൊപ്പം സ്കൂട്ടറിൽ പോകവെ കാറിടിച്ച ദയയുടെ (11) ദാരുണാന്ത്യവും കണ്ണീരായി. കാറും ലോറിയും കൂട്ടിയിടിച്ച് പഴവീട്‌ സ്വദേശിനി ജോ അബ്രഹാം (25), റോഡ് മുറിച്ചുകടക്കെ മിനിലോറി ഇടിച്ച്‌ മംഗലം പനയ്‌ക്കല്‍ മേഴ്‌സി നെല്‍സണ്‍ (50), കുതിരപ്പന്തിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മണ്ണഞ്ചേരി പള്ളിപ്പറമ്പ്‌ വീട്ടില്‍ ഷിഫ്‌നാസ്‌ (22), ബൈക്കപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി ഫൗസിയ (21) എന്നിവരുടെ മരണവും തീരാവേദനയായി.നിരവധി ചെറിയ റോഡുകള്‍ കൊമ്മാടി, ഇരവുകാട് ഭാഗങ്ങളില്‍ ബൈപാസിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവിടെ മതിയായ വെളിച്ചത്തിന്‍റെ അഭാവവുമുണ്ട്. അമിതവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ കണ്ടെത്താനുള്ള കാമറ, സ്പീഡ് ബ്രേക്കറുകള്‍ തുടങ്ങിയവ സ്ഥാപിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങൾ നടപ്പായിട്ടില്ല. മഴയിൽ ബൈപാസിലെ കുഴികളുടെ എണ്ണവും കൂടി.

കൊമ്മാടി മുതൽ കളർകോട് വരെ നിരവധി കുഴികളുണ്ട്. അപകടങ്ങൾ ഉണ്ടാകുന്ന മുറക്ക് തട്ടിക്കൂട്ട് പണികൾ നടത്തി കുഴിയടക്കുന്നതാണ് പതിവ്. അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ നിരീക്ഷണ കാമറകളും സിഗ്നൽ സംവിധാനവും ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.ആദ്യഘട്ടത്തിൽ നിരീക്ഷണ കാമറകളും രണ്ടാംഘട്ടത്തിൽ സിഗ്നൽ സംവിധാനവും സ്ഥാപിക്കാനായിരുന്നു നിർദേശം. അതും നടപ്പായിട്ടില്ല.

Tags:    
News Summary - Alappuzha bypass as a dangerous road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.