ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വലിയപാലങ്ങളുടെ ടാറിങ്ങിന് മുന്നോടിയായി
നടക്കുന്ന ജോലികൾ
ആലപ്പുഴ: പ്രളയാനന്തരം റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ നിർമാണം അവസാനഘട്ടത്തിൽ. പള്ളാത്തുരുത്തി വലിയപാലം മാത്രമാണ് ഇനി അവശേഷിക്കുന്നത്. നാലുമാസത്തിനകം അത് പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയാറാകാൻ അതിവേഗത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നവീകരണം വെള്ളപ്പൊക്ക പ്രതിസന്ധിയിൽനിന്ന് കരകയറാനാണ്. 2018ലെ പ്രളയത്തിനുശേഷം റീബിൽഡ് കേരള വഴി ആദ്യ ഭരണാനുമതി ലഭിച്ച 671.66 കോടി രൂപ വിനിയോഗിച്ചാണ് പുനർനിർമാണം. പദ്ധതി പൂർത്തിയാവുമ്പോൾ നിർമാണച്ചെലവ് 880.72 കോടിയാകും.
റോഡിലെ വലിയ പാലങ്ങളുടെയും മേൽപാലത്തിന്റെയും ടാറിങ് ഈമാസം 15ന് ആരംഭിക്കും. ഇതോടെ പ്രധാന ജോലികളെല്ലാം നിലവിൽ പൂർത്തിയായി. പള്ളാത്തുരുത്തി വലിയ പാലത്തിന്റെ സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം 60 ശതമാനം പൂർത്തിയായി.
നേരത്തേ 8-9 മീറ്റർ വീതിയിലുള്ള ടാർ ഉപരിതലം 10 മീറ്റർ വീതിയുള്ള രണ്ടുവരി പാതയാക്കി. ഇരുവശത്തുമുള്ള നടപ്പാത കാൽനടക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഉയർത്തി നിർമിച്ചു. മേൽപാലത്തിന് വാഹന ഗതാഗതത്തിന് 10 മീറ്റർ വീതിയടക്കം 13 മീറ്റർ വീതിയുണ്ട്.
നടപ്പാതയുടെ അടിയിൽ ഒരുവശത്ത് ഓടയും മറുവശത്ത് ഓടയും ഡക്ടും നിർമിച്ചിട്ടുണ്ട്. റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കാൻ മൂന്ന് ഇടങ്ങളിൽ കോസ്വേയുണ്ട്. 64 കലുങ്കും സ്പാനുകളും പുനർനിർമിച്ചു.
കുട്ടനാടിന്റെ മണ്ണിന്റെ ഘടന പരിഗണിച്ച് ഏഴുകിലോമീറ്റർ നീളത്തിൽ ഭൂമി നിരപ്പാക്കൽ പ്രവൃത്തികളും റോഡ് സുരക്ഷയുടെ ഭാഗമായി ക്രാഷ് ബാരിയറും ആവശ്യമായ മറ്റ് അനുബന്ധ സംവിധാനങ്ങളും ലൈറ്റുകളും വെയ്റ്റിങ് ഷെഡും പുനർനിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുമാസത്തിനുള്ളിൽ റോഡ് പൂർണമായും തുറന്നുനൽകാൻ ലക്ഷ്യമിട്ടാണ് പണികൾ പുരോഗമിക്കുന്നത്. അഞ്ച് സെമി എലവേറ്റഡ് ഫ്ലൈ ഓവറുകൾ (ഒന്നാംകര, മങ്കൊമ്പ്, നസ്രത്ത്, ജ്യോതി, പണ്ടാരക്കളം) ഗതാഗതത്തിന് നേരത്തേ തുറന്നിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റിവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) എവ്റസ്കോൺ (ജെ.വി) എന്ന കമ്പനിയുടെ മേൽനോട്ടത്തിലാണ് നിർമാണപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.