അഗ്നിക്കിരയായ കലവൂർ സ്വീറ്റ് പാർക്ക് ബേക്കറി
മണ്ണഞ്ചേരി: ദേശീയപാതയിൽ കലവൂർ ബസ് സ്റ്റാൻഡിനു സമീപത്തെ സ്വീറ്റ് പാർക്ക് ബേക്കറിയിൽ വൻ അഗ്നിബാധ. കട പൂർണമായും കത്തിനശിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് 18ാം വാർഡ് ചിയാംവെളി കാടമ്പള്ളിയിൽ ഷമീറിന്റേതാണ് ബേക്കറി. ഞായറാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു അഗ്നിബാധ. കടയുടെ പിൻഭാഗത്തുനിന്ന് തീ ആളിപ്പടരുകയായിരുന്നു.
സാധനങ്ങൾ, ഫർണിച്ചർ, വൈദ്യുതി ഉപകരണങ്ങൾ ഫ്രിഡ്ജുകൾ, ഫ്രീസറുകൾ ഉൾപ്പെടെ കത്തിനശിച്ചു. റമദാൻ പ്രമാണിച്ച് സാധനങ്ങൾ പൂർണതോതിൽ സ്റ്റോക് ചെയ്തിരുന്നു. ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പിറകിൽ പ്രവർത്തിച്ചിരുന്ന ബോർമക്ക് തീ പിടിച്ചില്ല. ഇവിടെ മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നു.
ആലപ്പുഴ, ചേർത്തലയിൽനിന്നെത്തിയ നാല് യൂനിറ്റ് അഗ്നിരക്ഷാസേനയുടെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീയിട്ടതാണെന്ന് സംശയിക്കുന്നതായി ഉടമ പരാതിപ്പെട്ടതിനാൽ തിങ്കളാഴ്ച പൊലീസ് വിരലടയാള, ഫോറൻസിക് വിദഗ്ധരെത്തി തെളിവ് ശേഖരിക്കും. ഇവിടെ മൂന്ന് മാസത്തോളം ജോലി ചെയ്ത പുന്നപ്ര സ്വദേശിയായ തൊഴിലാളിയെ സംശയിക്കുന്നതായി ഷമീർ മണ്ണഞ്ചേരി പൊലീസിന് പരാതി നൽകി.
ഇയാൾ പലപ്പോഴും മദ്യപിച്ച് ജോലിക്ക് വന്നതിന്റെ പേരിലാണ് പിരിച്ചുവിട്ടത്. എന്നാൽ, പിന്നീട് ഭീഷണി മുഴക്കുകയും കടക്ക് തീയിടുമെന്ന് പറഞ്ഞിരുന്നുവെന്നും പരാതിയിലുണ്ട്.കടയിലെ സി.സി ടി.വി കത്തിനശിച്ചതായും സമീപത്തെ കടകളുടേത് പരിശോധിക്കുകയാണെന്നും എസ്.ഐ കെ.ആർ. ബിജു പറഞ്ഞു. ആറോളം പാചക വാതക സിലിണ്ടറുകൾ ഉൾപ്പെടെ ബേക്കറിയിൽ ഉണ്ടായിരുന്നു.
അഗ്നിരക്ഷാ സേനാംഗങ്ങൾ ഇതുഎടുത്ത് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാൻ സാധിച്ചതും രക്ഷയായി. അസി.സ്റ്റേഷൻ ഓഫിസർ ആർ. ജയകുമാർ, അസി. സ്റ്റേഷൻ ഓഫിസർ ഗ്രേഡ് കെ.ആർ. അനിൽകുമാർ, എൻ. ജോജി, ജോയി, കൃഷ്ണകുമാർ, ഫയർ ഓഫിസർമാരായ ആർ. മഹേഷ്, ഷുഹൈബ്, പി. രതീഷ്, വി. പ്രശാന്ത്, ജോബിൻ വർഗീസ്, എ. അമർജിത്, ബി. സന്തോഷ്കുമാർ, ഫയർ ഓഫിസർ ഡ്രൈവർമാരായ എൻ.ജി. പുരുഷോത്തമൻ, കെ.എസ്. ഷാജി, എം.പി. പ്രമോദ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.