ആലപ്പുഴ: മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എൻജിനുകളുടെയും ഏകദിന സംയുക്ത പരിശോധന 27ന് രാവിലെ എട്ടുമുതൽ നിശ്ചിത കേന്ദ്രങ്ങളിൽ നടക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കോവിഡ് മൂന്നാം തരംഗ പശ്ചാത്തലത്തിൽ മാറ്റിവെച്ച പരിശോധനയാണ് ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുതുക്കിയ തീയതിയിൽ നടക്കുന്നത്. യോഗ്യമായ എല്ലാ വള്ളങ്ങളും തീരദേശ ജില്ലകളിലെ നിശ്ചിത പരിശോധനകേന്ദ്രങ്ങളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാക്കി പരിശോധനക്ക് വിധേയമാക്കണം. സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എൻജിനുകൾക്ക് മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിൽ ഒരു യാനത്തോടൊപ്പം ഒരാൾക്ക് മാത്രമേ പരിശോധന കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കൂ. 10 വർഷം വരെ കാലപ്പഴക്കമുള്ള എൻജിനുകൾ പരിശോധനക്ക് ഹാജരാക്കാം. ഹാജരാക്കുന്ന യാനങ്ങൾക്കും എൻജിനുകൾക്കും രജിസ്ട്രേഷൻ മത്സ്യബന്ധന ലൈസൻസ്, ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എഫ്.ഐ.എം.എസ്) രജിസ്ട്രേഷൻ എന്നിവ നിർബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ടു എൻജിനുകൾക്ക് മാത്രമേ പെർമിറ്റ് അനുവദിക്കൂവെന്നും മന്ത്രി അറിയിച്ചു. അരൂർ വില്ലേജ് ഓഫിസിലെ കൈയാങ്കളി: പ്രതിഷേധം; വിവാദം അരൂർ: തോടിന് സമീപം പൂഴി ഇറക്കിയതുമായി ബന്ധപ്പെട്ട് അരൂർ വില്ലേജ് ഓഫിസിൽ വ്യാഴാഴ്ചയുണ്ടായ സംഘർഷത്തിൽ പ്രതിഷേധവും വിവാദവും. സംഘർഷത്തിൽ പരിക്കേറ്റ് തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പി.എം. അജിത് കുമാർ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ നേതാവുമാണ്. വില്ലേജ് ഓഫിസർ മഹേഷ്, ജീവനക്കാരായ ജോണി, ശ്രീകുമാർ എന്നിവർ സി.പി.ഐ സർവിസ് സംഘടനയായ ജോയിൻ കൗൺസിൽ അംഗങ്ങളുമാണ്. സർക്കാർ ഓഫിസിൽ അനധികൃതമായി കടന്ന് ജീവനക്കാരുടെ കൃത്യനിർവഹണത്തിൽ തടസ്സം സൃഷ്ടിച്ചു എന്നാണ് ജീവനക്കാരുടെ പരാതി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ താലൂക്ക് ഓഫിസർ ആർ. ഉഷ നൽകിയ റിപ്പോർട്ട് ജീവനക്കാർക്ക് അനുകൂലമാണെന്നും വിമർശനമുണ്ട്. ഈ വിഷയത്തിൽ തഹസിൽദാറല്ലാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു. പൂഴി ഇറക്കിയവർക്ക് വില്ലേജ് ഓഫിസിൽനിന്ന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തുടർ നടപടി എടുക്കാതിരിക്കാനും നിയമപരമായി ക്രമപ്പെടുത്താനും ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഇതിനെ ചൊല്ലിയുള്ള തർക്കവും ബഹളവും കൈയാങ്കളിയിൽ എത്തുകയായിരുന്നു. സി.പി.ഐ നേതൃത്വത്തിലും സർവിസ് സംഘടന നേതൃത്വത്തിലും പ്രശ്നം രമ്യമായി പരിഹരിക്കാൻ തകൃതിയായ കൂടിയാലോചനകളാണ് നടക്കുന്നത്. വില്ലേജ് ഓഫിസിലെ ജീവനക്കാരിൽ ചിലരുടെ നടപടികളിൽ വ്യാപക പരാതിയുണ്ട്. ഇവ അന്വേഷിക്കാൻ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിസ്സാര കാര്യങ്ങൾക്കുപോലും നാട്ടുകാരെ കഷ്ടപ്പെടുത്തുന്ന സമീപനമാണ് ജീവനക്കാർക്ക്. കോവിഡ് ഘട്ടത്തിൽ വെയിലത്ത് നിർത്തിയാണ് ജനങ്ങളുടെ അപേക്ഷകൾ സ്വീകരിച്ചിരുന്നത്. അപേക്ഷകളിൽ തീരുമാനം വൈകിക്കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫിസിൽ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്നും പാവപ്പെട്ടവർക്ക് നീതി ലഭ്യമാകാൻ തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് ആവശ്യപ്പെട്ടു. അരൂർ വില്ലേജ് ഓഫിസ് അഴിമതിയുടെ ഉറവിടമാണെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കുത്തക മുതലാളിമാരുടെ വയലുകളും കുളങ്ങളും ലക്ഷങ്ങൾ കൈക്കൂലി വാങ്ങി നികത്താൻ കൂട്ടുനിൽക്കുന്ന വൻറാക്കറ്റ് വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പി.ഡി.പി ജില്ല കൗൺസിൽ അംഗം ഷാഹുൽ ഹമീദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.