നൂറനാട്​ മയക്കുമരുന്ന്​ വേട്ട; അഞ്ചുപേർ അറസ്റ്റിൽ

ചാരുംമൂട്​: നൂറനാട്​ മയക്കുമരുന്ന് വേട്ടയിൽ അഞ്ചുപേർ അറസ്റ്റിൽ. കായംകുളം പുതിയവിള മലയിൽത്തറയിൽ കണ്ണൻ (26), ചെങ്ങന്നൂർ കൈലാത്ത് വീട്​ ജോബിൻ ജേക്കബ് (24), കരുനാഗപ്പള്ളി പുതിയകാവ് കെ.എസ്​ പുരം ചാങ്ങേത്ത് കിഴക്കേതിൽ അനന്തു (24), കരുനാഗപ്പള്ളി പുന്നകുളം കളിക്കവാടക്കേതിൽ സുനീഷ് (21), കരുനാഗപ്പള്ളി കാട്ടിൽക്കടവ് മുത്തേരിൽ വിജയ് (21) എന്നിവരെയാണ്​ നൂറനാട് പൊലീസും ജില്ല ഡാൻസാഫും ചേർന്ന്​ പിടികൂടിയത്​. 16​ ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ജില്ലയിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട്​ അന്തർ സംസ്ഥാനങ്ങളിൽനിന്ന്​ സിന്തറ്റിക് മയക്കുമരുന്നുകളും കഞ്ചാവും എത്തുന്നതായി ജില്ല പൊലീസ് മേധാവി ജി. ജയ്​ദേവിന്​ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്​.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലെ ഡാൻസാഫ്​ ടീമും ചെങ്ങന്നൂർ ഡിവൈ.എസ്​.പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ നൂറനാട് എസ്​.എച്ച്​.ഒ മനോജ് ഉൾപ്പെട്ട പ്രത്യേകസംഘവും നടത്തിയ പരിശോധനയിലാണ്​ ഇവർ കുടുങ്ങിയത്​. താമരക്കുളം ചത്തിയറയിലെ വാടകവീട്ടിൽ ഇടുപാടുകാർക്ക്​ ചെറുകിട വിൽപന നടത്തുന്നതിനിടെയാണ്​ പിടികൂടിയത്​. കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ ടീമിൽനിന്ന്​ വാങ്ങി കായംകുളം, കുറത്തികാട്, വള്ളികുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് 2000 മുതൽ 5000 രൂപ വരെ നിരക്കിലാണ്​ വിൽക്കുന്നതെന്നും പ്രതികൾ ചോദ്യം​ചെയ്യലിൽ സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. മാസത്തിൽ ഒന്നിലേറെ തവണ 30 ഗ്രാം വീതം എം.ഡി.എം.എ വിൽപന നടത്തിയിരുന്നു. കായംകുളത്ത് വൻ തോതിൽ മയക്കുമരുന്ന്​ എത്തുന്ന സാഹചര്യത്തിൽ അന്വേഷണം വിപുലമാക്കി. നൂറനാട് സി.ഐ മനോജ്, എസ്​.ഐ അരുൺകുമാർ, പൊലീസുകാരായ റെജി, ശ്യാംകുമാർ, ഡാൻസാഫ്​ എസ്​.​ഐ ഇല്യാസ്​, എ.എസ്​.ഐ സന്തോഷ്, ഉല്ലാസ്, ഹരികൃഷ്ണൻ, ഷാഫി, എബി തോമസ് എന്നിവർ നേതൃത്വം നൽകി. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.