നാല് വർഷംകൊണ്ട് ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കും -മന്ത്രി

അമ്പലപ്പുഴ: നാല് വർഷംകൊണ്ട് കേരളത്തെ സമ്പൂർണമായി അളക്കുന്ന ജനകീയ സർവേക്ക് തുടക്കം കുറിക്കുകയാണെന്നും ഇതോടെ ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനം സജ്ജമാകുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. നൂതന ഡിജിറ്റല്‍ സര്‍വേ സാങ്കേതികവിദ്യയായ കണ്ടിന്യൂസ്​ലി ഓപറേറ്റിങ്​ റഫറന്‍സ് സ്റ്റേഷന്‍റെ (കോര്‍സ്) സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റീസര്‍വേയുടെ ഭാഗമായി ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം ഉടമസ്ഥര്‍ക്ക് വിശദാംശങ്ങള്‍ രേഖയായി കാണുന്നതിന് അവസരമുണ്ടാകും. നാലു വര്‍ഷംകൊണ്ട് റീസര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെ എല്ലായിടത്തും ഭൂമിക്ക് കൃത്യമായ രേഖയുണ്ടാകും. ഈ മാസം 31 നകം സംസ്ഥാനത്ത് 28 കോര്‍സ് സ്‌റ്റേഷനുകളും പ്രവര്‍ത്തന സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. എച്ച്.സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, സര്‍വേ ഓഫ് ഇന്ത്യ കേരള ലക്ഷദ്വീപ് ജി.ഡി.സി ഡയറക്ടര്‍ പി.വി. രാജശേഖരന്‍, എ.ഡി.എം എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശന്‍, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിറ്റി തോമസ്, പഞ്ചായത്ത്​ അംഗം വര്‍ഗീസ് എബ്രഹാം എന്നിവർ സംസാരിച്ചു. (കണ്ടിന്യൂസ്​ലി ഓപറേറ്റിങ്​ റഫറന്‍സ് സ്റ്റേഷന്‍റെ (കോര്‍സ്) സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിക്കുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.