കെ.എസ്​.ആർ.ടി.സി പണിമുടക്ക്​ പൂർണം; ജനം വലഞ്ഞു

കുട്ടനാട്​ മേഖലയിൽ ഇരട്ടി ദുരിതം * സ്വകാര്യ ബസുകളിൽ വൻതിരക്ക്​ ആലപ്പുഴ: ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച്​ കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ സൂചന പണിമുടക്ക്​ പൂർണം. പണിമുടക്കിൽ ജനം വലഞ്ഞു. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിൽ ഭരണപക്ഷത്തെ സംഘടനകളിൽപെട്ട ജീവനക്കാരും പങ്കാളികളായതോടെയാണ്​ പണിമുടക്ക്​ പൂർണമായത്​. 62 സർവിസുകൾ വരെ ഓടിയിരുന്ന ആലപ്പുഴ ഡിപ്പോയിൽനിന്ന്​ ഒരു സർവിസ്​ പോലും നടത്താനായില്ല. ജില്ലയിൽ മാവേലിക്കര-ഒന്ന്​, കായംകുളം-രണ്ട്​, ചെങ്ങന്നൂർ-മൂന്ന്​ സർവിസുകൾ മാത്രമാണ്​ നടത്തിയത്​. കെ.എസ്​.ആർ.ടി.സി സർവിസുകളെ മാത്രം ആ​ശ്രയിക്കുന്ന കുട്ടനാട്​ മേഖലയിൽ ദുരിതം ഇരട്ടിയായി. സമരത്തെ നേരിടാൻ സർക്കാർ ഡയസ്​നോൺ പ്രഖ്യാപി​ച്ചിരുന്നെങ്കിലും തൊഴിലാളി സംഘടനകളും ജീവനക്കാരും പണിമുടക്കിൽ അണിനിരന്നു. കഴിഞ്ഞദിവസം ശമ്പളവിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ.എസ്​.ആർ.ടി.സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്​മെന്‍റും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ്​ ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്​ അടക്കമുള്ള സംഘടനകൾ സൂചനസമരം നടത്തിയത്​. സി.ഐ.ടി.യു യൂനിയനിലുള്ളവരും ഒന്നടങ്കം ജോലിക്ക്​ ഹാജരാകാതെ വിട്ടുനിന്നു. അതേസമയം, സ്വകാര്യ ബസുകളിൽ വൻതിരക്കാണ്​ അനുഭവപ്പെട്ടത്​. ദീർഘദൂര യാത്രക്കാർ ട്രെയിൻ സർവിസുകളെ ആശ്രയിച്ചതോടെ റെയിൽവേ സ്​റ്റേഷനുകളിലും വൻതിരക്കായിരുന്നു. കുട്ടനാട്​ മേഖലയിലുള്ളവർ ജലഗതാഗത വകുപ്പിന്‍റെ ബോട്ട്​ സർവിസിനെ ആശ്രയിച്ചാണ്​ യാത്ര നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.