ആലപ്പുഴ: തകർന്ന് തരിപ്പണമായിക്കിടന്ന കോൺഗ്രസിനെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ആർ. ശങ്കറെ ഉചിതമായ രീതിയിൽ സ്മരിക്കാൻ ഇന്നത്തെ കോൺഗ്രസ് നേതാക്കൾ തയാറാകുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആർ. ശങ്കറിന്റെ 113ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. മുഖ്യമന്ത്രിയെന്ന നിലയിൽ മാത്രമല്ല, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും ആർ. ശങ്കർ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. 1959ൽ ആർ. ശങ്കർ കെ.പി.സി.സി അധ്യക്ഷനായ സാഹചര്യവും തുടർന്ന് അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും ഇന്നത്തെ കോൺഗ്രസ് നേതാക്കൾ പാഠപുസ്തകംപോലെ വായിച്ച് ഹൃദിസ്ഥമാക്കേണ്ടതാണ്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് സമാനമായ സ്ഥിതിയായിരുന്നു അന്ന്. സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് പാർട്ടിയെ ശക്തിപ്പെടുത്താൻ 80 മുഴുസമയ പ്രവർത്തകരെ അദ്ദേഹം നിയമിച്ചു. സംഘടന സംവിധാനം കെട്ടുറപ്പുള്ളതാക്കിയശേഷം മറ്റു രാഷ്ട്രീയ കക്ഷികളുമായി ഐക്യമുണ്ടാക്കാനുള്ള ശ്രമവും തുടങ്ങി. പിൽക്കാലത്ത് കോൺഗ്രസിന് അധികാരത്തിൽ മടങ്ങിവരാൻ വഴിയൊരുക്കിയ ഐക്യമുന്നണി സംവിധാനം ആവിഷ്കരിച്ചത് ആർ. ശങ്കറാണെന്ന കാര്യം ഇന്നത്തെ പല കോൺഗ്രസുകാർക്കും അറിയില്ല. ആർ. ശങ്കർ ധനമന്ത്രിയായിരുന്നപ്പോഴാണ് രാജ്യത്ത് ആദ്യമായി വിധവ പെൻഷനും വാർധക്യകാല പെൻഷനും ഏർപ്പെടുത്തിയത്. ജീവനക്കാർക്ക് വീട്ടുവാടക അലവൻസ് അനുവദിക്കുന്നതും അദ്ദേഹത്തിന്റെ കാലത്താണ് -വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.