മുൻ അധ്യാപകന്‍റെ ആനുകൂല്യത്തിന്​ മന്ത്രിക്ക്​ പൂർവവിദ്യാർഥികളുടെ നിവേദനം

അരൂർ: ഗവ. ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പൂർവവിദ്യാർഥികൾ പഴയ സംഗീതാധ്യാപകന് പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്ന നിവേദനം നൽകി. 1977ൽ ആലപ്പുഴ മംഗലത്ത് ഹൈസ്കൂളിൽ സംഗീതാധ്യാപകനായി പ്രവേശിച്ച ടി.ജെ. സാംസൺ 1978ലാണ്​ അരൂർ ഗവ. ഹൈസ്കൂളിലേക്ക് സ്ഥലം മാറി എത്തിയത്​. 1998 വരെ ഇവിടെ ജോലി ചെയ്തു. എന്നാൽ, 1998ൽ പ്രഥമാധ്യാപികയുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ജോലി നഷ്ടപ്പെടുന്നതിലേക്ക്​ കാര്യങ്ങൾ എത്തിച്ചു. 22 വർഷം ജോലി ചെയ്തിട്ടും ആനുകൂല്യങ്ങൾ ഒന്നും ലഭ്യമായിട്ടില്ലെന്ന് പൂർവവിദ്യാർഥികൾ നൽകിയ നിവേദനത്തിൽ പറയുന്നു. വീടും ബന്ധുക്കളുമില്ലാത്ത അവിവാഹിതനായ സംഗീതാധ്യാപകന്റെ ദുരിതജീവിതം 'മാധ്യമം' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പകൽ തെരുവിൽ അലഞ്ഞ് രാത്രികളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുകയും ചെയ്യുന്ന 78കാരനായ സാംസണിന്‍റെ കാര്യങ്ങൾ വിശദമായി കേട്ട മന്ത്രി ഉടൻ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകി. ചിത്രം. പൂർവവിദ്യാർഥികൾ മുൻ അധ്യാപകന്‍റെ ആനുകൂല്യത്തിന്​ മന്ത്രിക്ക് നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.