സാഹോദര്യത്തിന്‍റെ കണ്ണികള്‍ മുറിയാതെ നോമ്പുതുറ ഒരുക്കി വലിയവിളയിൽ കുടുംബം

ചാരുംമൂട്: സാഹോദര്യത്തിന്‍റെ കണ്ണികള്‍ മുറിയാതെ സൂക്ഷിച്ച് ഒരു നൂറ്റാണ്ടിലധികമായി മസ്ജിദിൽ നോമ്പ് തുറ ഒരുക്കുകയാണ് വള്ളികുന്നം വലിയവിളയിൽ ഹിന്ദു കുടുംബം. വിശുദ്ധ റമദാനിന്‍റെ മഹത്ത്വം നെഞ്ചിലേറ്റി മുസ്‌ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറ ഒരുക്കാൻ പതിവുതെറ്റാതെ ഇക്കുറിയും അവർ എത്തി. വള്ളികുന്നം കടുവിനാല്‍ മുസ്‌ലിം ജമാഅത്ത് പള്ളിയിലാണ് വലിയവിളയില്‍ കുടുംബാംഗങ്ങൾ നോമ്പുതുറ ഒരുക്കുന്നത്. 100 വര്‍ഷങ്ങൾ മുമ്പ് വലിയവിളയില്‍ എന്ന ഈഴവ കുടുംബത്തിലെ കാരണവരായ വെളുത്തകുഞ്ഞ് ജോലികഴിഞ്ഞ് വരുമ്പോള്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യാന്‍ കടുവിനാല്‍ പള്ളിയില്‍ യോഗം നടക്കുകയായിരുന്നു. വിശ്വാസികളില്‍നിന്ന് കാര്യം മനസ്സിലാക്കിയ കാരണവര്‍ 26ാം രാവിലെ നോമ്പുതുറ താന്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് പിന്നിട്ട വർഷങ്ങളിൽ എല്ലാ ഇരുപത്താറാം നോമ്പുതുറ വലിയവിളയില്‍ കുടുംബം മുറതെറ്റാതെ നടത്തുന്നു. പ്രകാശും പ്രസന്നനും കുടുംബത്തിലെ മുതിർന്ന അംഗങ്ങളും ചേർന്നാണ് ഇത്തവണ നോമ്പുതുറ നടത്തിയത്. വലിയവിളയില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളും നിഷ്ഠപോലെയാണ് ഈ പുണ്യകര്‍മത്തില്‍ പങ്കാളികളാകുന്നത്. 26ാം നോമ്പ് ദിവസത്തെ എല്ലാ ചെലവുകളും സന്തോഷത്തോടെ ഏറ്റെടുത്ത് നടത്തുന്ന നോമ്പുതുറ ജീവിത സാഫല്യമാണെന്നാണ് കുടുംബ അംഗങ്ങളുടെ അഭിപ്രായം. മത സൗഹാർദം ഊട്ടി ഉറപ്പിക്കാൻ മനുഷ്യ സ‌്നേഹികളായവരുടെ ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് ജമാഅത്ത് ഭാരവാഹികളും പറയുന്നു മതസൗഹാര്‍ദം വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഒരുവര്‍ഷം പോലും പതിവ് തെറ്റാതെ ഇഫ്താർ ഒരുക്കി മാതൃക തീർക്കുന്ന വലിയ വിളയിൽ കുടുംബത്തിനെ ആദരിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ദിവാകരൻ, കരുണാകരൻ എന്നിവരെയാണ്​ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്. ചീഫ് ഇമാം മുഹമ്മദ് കുഞ്ഞ് ഗനീമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നജ്മുദീൻ, മുൻ സെക്രട്ടറി വഹാബ്, മുൻ പ്രസിഡന്റ് ഖാലിദീൻ കുഞ്ഞ്, അഷറഫ് സഖാഫി, മൺസൂർ മുസ്​ലിയാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: 1 കടുവിനാൽ പള്ളിയിൽ ഹിന്ദു കുടുംബം ഒരുക്കിയ നോമ്പുതുറയിൽ പങ്കെടുക്കുന്നവർ 2-വലിയ വിളയിൽ കുടുംബാംഗമായ ദിവാകരനെ ജമാഅത്ത് കമ്മിറ്റി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.