വേനലവധി: രണ്ട്​ സ്​പെഷൽ ട്രെയിൻ ഓടിക്കാൻ അനുമതി തേടി ദക്ഷിണ റെയിൽവേ

ആലപ്പുഴ: വേനൽ അവധിക്കാലത്തെ യാത്രക്കാരുടെയും ടൂറിസ്റ്റുകളുടെയും തീർഥാടകരുടെയും തിരക്ക് കണക്കിലെടുത്ത് രണ്ട് സ്​പെഷൽ ട്രെയിൻ ഓടിക്കാൻ അനുമതിക്ക്​ ദക്ഷിണ റെയിൽവേ ഓപറേറ്റിങ്​ വിഭാഗം റെയിൽവേ ബോർഡിനെ സമീപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എറണാകുളം-ധൻബാദും ശനിയാഴ്ചയും ഞായറാഴ്ചയും എറണാകുളം-വേളാങ്കണ്ണിയും സ്​പെഷൽ ട്രെയിനുകളായി ഓടിക്കാനാണ്​ സതേൺ റെയിൽവേ അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം-ധൻബാദ് സ്​പെഷൽ ട്രെയിൻ 11 ട്രിപ്​ വീതവും എറണാകുളം- വേളാങ്കണ്ണി സ്​പെഷൽ ട്രെയിൻ 10 ട്രിപ്പുമായിട്ട് മൊത്തം 42 ട്രിപ്പാണ് സ്​പെഷൽ സർവിസായി ഓടിക്കുന്നതെന്ന്​ കൊടിക്കുന്നിൽ അറിയിച്ചു. എറണാകുളം-വേളാങ്കണ്ണി സ്​പെഷൽ ട്രെയിൻ നാഗൂർ വരെ മാത്രമേ സർവിസ് നടത്തൂ. നാഗൂർ-വേളാങ്കണ്ണി സെക്ഷനിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. പണി പൂർത്തിയാക്കുന്ന മുറക്ക്​ നാഗൂരിൽനിന്ന്​ വേളാങ്കണ്ണിയിലേക്ക് സർവിസ് നീട്ടുമെന്നും എം.പി പറഞ്ഞു. എറണാകുളം-കോട്ടയം-കൊല്ലം-ചെങ്കോട്ട സെക്ഷനിൽ ആയിരക്കണക്കിന് തീർഥാടകരാണ് ദിനംപ്രതി വേളാങ്കണ്ണി പള്ളിയിലും നാഗൂർ ദർഗ ഷെരീഫിലും പോകുന്നത്. എന്നാൽ, ഈ സെക്ടറിലെ യാത്രക്കാർക്കും തീർഥാടകർക്കും നേരിട്ട് ട്രെയിൻ സർവിസ് ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സതേൺ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വേളാങ്കണ്ണി സ്​പെഷൽ ട്രെയിൻ ആരംഭിക്കാൻ നടപടി ആരംഭിച്ചത്. കാലക്രമേണ വേളാങ്കണ്ണി സ്​പെഷൽ ട്രെയിൻ സ്ഥിരം ട്രെയിൻ സർവിസാക്കി മാറ്റും. കൊല്ലം-ചെങ്കോട്ട മീറ്റർ ഗേജ് ആയിരുന്നപ്പോൾ കൊല്ലത്തുനിന്ന്​ ദിനംപ്രതി നാഗൂരിലേക്ക് ട്രെയിൻ സർവിസ് നടത്തിയിരുന്നു. ഈ ട്രെയിനാണ് ഇപ്പോൾ വേളാങ്കണ്ണി ട്രെയിനായി പുനരാരംഭിക്കുന്നതെന്നും കൊടിക്കുന്നിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.