കുട്ടനാട്ടിൽ കൊയ്ത്ത്​ ഉപേക്ഷിച്ചും യന്ത്രമില്ലാതെ കൊയ്​തെടുത്തും കർഷകർ

കുട്ടനാട്: വേനൽമഴയുടെ ശക്തി കുറഞ്ഞെങ്കിലും കൊയ്ത്തും സംഭരണവും പ്രതിസന്ധിയിൽതന്നെ. വെള്ളക്കെട്ടിൽ കൊയ്ത്തുയന്ത്രം ഇറക്കാനാകാതെ വന്നതോടെ പലയിടത്തും കൊയ്ത്ത്​ ഉപേക്ഷിക്കുകയാണ്​. ജില്ലയിൽ വിളവെടുപ്പ് 68 ശതമാനം പൂർത്തിയായിട്ടുണ്ട്. 65 ശതമാനം സംഭരണവും നടന്നു. നെല്ലുസംഭരിച്ച വകയിൽ 77.04 കോടി കർഷകർക്ക്​ വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു. ദിവസേന 1800 ടൺ നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്​. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ പുത്തനാറായിരം പാടശേഖരത്തിൽ ഏഴരയേക്കറിലെ നെല്ലാണ്​ വിളവെടുക്കാൻ സാധിക്കാതെ കർഷകർ ഉപേക്ഷിച്ചത്​. രണ്ടാഴ്ച മുമ്പാണ് വിളവെടുപ്പ് തുടങ്ങിയത്. തെങ്കരപച്ച പാടത്തും കൊയ്യാനാകാതെ കൃഷി ഉപേക്ഷിച്ചിരുന്നു. സമാന അവസ്ഥ കുട്ടനാട്ടിലെ പല പാടശേഖരങ്ങളിലുമുണ്ട്. തലവടി കൃഷിഭവൻ പരിധിയിലെ കരുവേലിപ്പടി പാടത്ത് യന്ത്രം ഇറക്കാനാകാത്ത സാഹചര്യത്തിൽ അരിവാൾ ഉപയോഗിച്ച്​ കൊയ്യുന്നുണ്ട്​. യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തിന് ഏക്കറിന് 4000 രൂപ മാത്രം ചെലവ്​ വരുമ്പോൾ കൈകൊണ്ടു കൊയ്യാൻ ഏക്കറിന് 10,000 ചെലവാകും. ഇനിയും കൊയ്ത്ത് പൂർത്തിയാക്കിയില്ലെങ്കിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. അതിനിടെ കൊയ്ത്തുയന്ത്രം എത്താത്തതിനാൽ തകഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ മാവല്ലാക്കൽ പടിഞ്ഞാറ്​ പാടശേഖരത്തിലെ നെൽകൃഷി നശിക്കുകയാണ്​. വിളവ് 135 ദിവസം പിന്നിട്ടതോടെ പലയിടത്തും വീണ നെല്ല് കിളിർത്തുതുടങ്ങി. യന്ത്രത്തിനായുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.