ആകാശക്കാഴ്ചക്കായി ആലപ്പുഴ ലൈറ്റ്​ ഹൗസ്​ മിഴിതുറക്കുന്നു

-രണ്ടുവർഷത്തെ ഇടവേളക്കുശേഷം മേയ്​ ഒന്ന്​ മുതൽ പൊതുജനങ്ങൾക്ക്​ പ്രവേശനം ആലപ്പുഴ: കോവിഡിൽ രണ്ടുവർഷത്തോളം അടഞ്ഞുകിടന്ന ആലപ്പുഴ ലൈറ്റ്​ ഹൗസ് മിഴിതുറക്കുന്നു. കോവിഡ്​ നിയ​ന്ത്രണങ്ങൾ പൂർണമായും മാറിയതോടെ മേയ്​​ ഒന്നുമുതൽ ആലപ്പുഴയിലെ പൈതൃക സ്മാരകമായ വിളക്കുമാടത്തിൽ കയറി സഞ്ചാരികൾക്ക്​ ആകാശക്കാഴ്ച ആസ്വദിക്കാം. രാവിലെ ഒമ്പത്​ മുതൽ ​11.45 വരെയും ഉച്ചക്ക്​ രണ്ട്​ മുതൽ വൈകീട്ട്​ 5.30വരെയുമാണ്​ പ്രവേശനം. മുതിർന്നവർക്ക്​ 20രൂപയും കുട്ടികൾക്കും മുതിർന്നപൗരന്മാർക്കും 10രൂപയും വിദേശികൾക്ക്​ 50രൂപയുമാണ്​ നിരക്ക്​. തിങ്കളാഴ്ച അവധിയാണ്​. 2020 മാർച്ചിലാണ്​ കോവിഡ്​ വ്യാപനത്തിൽ കേന്ദ്രസർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള ലൈറ്റ്​ ഹൗസിന്‍റെ വാതിലുകൾ അടഞ്ഞത്. വൃത്താകൃതിയിൽ ചുവപ്പും വെള്ളയും കലർന്ന നിറങ്ങൾ നൽകിയ സ്തംഭത്തിൽ കയറിയാൽ ആലപ്പുഴ ബീച്ചും പട്ടണത്തിലെ കായലും നഗരത്തിലെ കെട്ടിട സമുച്ചയങ്ങളുമെല്ലാം ദൃശ്യമാവും. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള സ്തംഭത്തിന്​ അകത്തെ കുത്തനെയുള്ള കോണിപ്പടികൾ കയറിയാണ്​ മുകളിലെത്തുന്നത്​. ഒരുമീറ്റർ അകലം ഇല്ലാത്ത പടികളാണ് ഉള്ളത്. അതിനാൽ ഒരാൾ കയറുകയും മറ്റൊരാൾ ഇറങ്ങുകയും ചെയ്യുന്ന രീതിയിലാണ്​ സഞ്ചാരം. ഇതിനൊപ്പം സജ്ജമാക്കിയ മ്യൂസിയത്തിലെ കാഴ്ചകളും ഹൃദ്യമാണ്​. 1960 ആഗസ്റ്റ്​ നാലിനാണ്​ നിലവിലെ സ്തംഭം ഉപയോഗത്തിൽവന്നത്​. കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിളക്കുമാടമായ ലൈറ്റ്​ ഹൗസ്​ 1862ലാണ്​ സ്ഥാപിച്ചത്​. ആദ്യം തീകൂട്ടി വെളിച്ചമുണ്ടാക്കിയിരുന്ന ദീപസ്തംഭമായിരുന്നു. 18ആം നൂറ്റാണ്ടിൽ ഇവിടെ സ്ഥിരം പ്രകാശസ്രോതസ്സ്​ ഇല്ലായിരുന്നു. കടൽ പാലത്തിന്‍റെ അറ്റത്തുള്ള ഒരു ദീപമായിരുന്നു ഈസമയത്ത്​ നാവികർക്ക് ദിശ മനസ്സിലാക്കാനുള്ള ഏകമാർഗം. മാർത്താണ്ഡവർമ രണ്ടാമൻ ഭരിച്ചിരുന്ന കാലത്താണ്​ ഇപ്പോഴുള്ള വിളക്കുമാടം നിർമിക്കാനുള്ള പ്രവർത്തനം തുടങ്ങിയത്. 1861ൽ രാമവർമയുടെ കാലത്ത് നിർമാണം പൂർത്തിയായി. 1862 മാർച്ച്​ 28ന്​ വെളിച്ചെണ്ണ ഉപയോഗിച്ച് കത്തിക്കുന്ന ദീപം പ്രവർത്തിച്ചുതുടങ്ങി. 1952 മുതൽ ഗ്യാസ് ഉപയോഗിച്ച്​ ഫ്ലാഷ്​ ചെയ്യുന്ന തരത്തിലുള്ള ദീപം നിലവിൽവന്നു. 1960ൽ വൈദ്യുതി ലഭ്യമായതോ​ടെ മെസേഴ്​സ്​ ബി.ബി.ടി പാരിസ്​ നിർമിച്ച ഉപകരണം ഉപയോഗിച്ചുതുടങ്ങി. 1998 ഏപ്രിൽ എട്ടിന്​ ഡയറക്ട്​ ഡ്രൈവ് സംവിധാനം ഉപയോഗിച്ചു. ഇതേവർഷം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള സംവിധാനവും നിലവിൽവന്നു. 1999ൽ മെറ്റൽ ഹാലൈഡ് ദീപങ്ങൾക്ക്​ വഴിമാറി. APL MB 02 Light House കേരളത്തിലെ പഴക്കമേറിയ ആലപ്പുഴ ​​​ലൈറ്റ്​ ഹൗസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.