എടത്വ പള്ളി പെരുന്നാളിന്​ നാളെ കൊടിയേറും

ആലപ്പുഴ: തീർഥാടനകേന്ദ്രമായ എടത്വ സെന്‍റ്​ ജോർജ്​ ഫൊറോന പള്ളിയിൽ ഗീവർഗീസ്​ സഹദായുടെ പെരുന്നാൾ ബുധനാഴ്ച മുതൽ മേയ്​ 14 വരെ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ 7.30ന് പള്ളി വികാരി ഫാ. മാത്യു ചൂരവടി കൊടിയേറ്റ്​ നിർവഹിക്കും. രാവിലെ 10ന്​ തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ കുർബാന അർപ്പിക്കും. മേയ് മൂന്നിന് രാവിലെ 7.30ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിക്കും. തുടർന്ന് ഗീവർഗീസ് സഹദായുടെ നടയിൽനിന്നും തിരുസ്വരൂപം ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ പ്രതിഷ്ഠിക്കും. ആറിന്​ വൈകീട്ട് 5.30ന് പ്രദക്ഷിണം. അഞ്ച്, ആറ് തീയതികളിൽ നടത്തുന്ന പ്രസിദ്ധമായ വെടിക്കെട്ട് ഒഴിവാക്കിയിട്ടുണ്ട്. പകരം ലളിതമായ രീതിയിൽ ചൈനീസ് വെടിക്കെട്ട് നടത്തും. തിരുനാൾ ദിനമായ മേയ് ഏഴിന് രാവിലെ ആറിന്​ ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ റവ.ഫാ. ജോസഫ് വാണീയപുരയ്ക്കലും വൈകീട്ട് 3.30ന് കോട്ടാർ രൂപത മുൻമെത്രാൻ ഫാ. പീറ്റർ റെമിജിയൂസ് തമിഴിലും കുർബാന അർപ്പിക്കും. വൈകീട്ട് നാലിന് തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. മേയ് മൂന്ന്​ മുതൽ ഏഴുവരെ തീർഥാടകർക്കായി ഉച്ചയ്ക്ക് സൗജന്യനേർച്ച ഭക്ഷണം നൽകും. 14ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കും. രാത്രി ഒമ്പതിന്​ തിരുസ്വരൂപം നടയിൽ പ്രതിഷ്ഠിക്കുന്നതോടെ പെരുന്നാൾ സമാപിക്കും. തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരാണ് കൂടുതലായും എത്തുന്നത്​. പ്രധാന തിരുനാൾ ദിവസങ്ങളിലെ പ്രദക്ഷിണങ്ങൾക്ക് ഗീവർഗീസ് സഹദായുടെ രൂപം വഹിക്കുന്നത് തമിഴ് വിശ്വാസികളാണ്. വാർത്തസമ്മേളനത്തിൽ ഫാ. മാത്യു ചൂരവടി, രാജു ജോസഫ്, ജയൻ ജോസഫ്, അലക്സ് സെബാസ്റ്റ്യൻ, ജോസഫ് തോമസ് കുന്നേൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.