ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലെ എ.സി തകരാറില്‍; രോഗികള്‍ വലയുന്നു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലെ എ.സി തകരാറിലായി. ഇതു മൂലം ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ അടക്കം ദുരിതത്തിലായി. മൾട്ടി ഡിസിപ്ലിറ്റി ഇന്റൻസിവ് കെയർ യൂനിറ്റിലെ ഒരു സെൻട്രൽ എ.സിയാണ് കഴിഞ്ഞ ദിവസം തകരാറിലായത്. 12ഓളം രോഗികളാണ് ഈ സർജറി വിഭാഗത്തിൽ ചികിത്സയിലുള്ളത്. കടുത്ത ചൂടുകാലമായതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചാണ് രോഗികൾ കഴിയുന്നത്. ശീതീകരണം ഇല്ലാതിരുന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് അണുബാധയുണ്ടാക്കാൻ സാധ്യത ഏറെയാണ്. ഇതുമൂലം രോഗികളുടെ ബന്ധുക്കളും സുരക്ഷ ജീവനക്കാരും തമ്മിൽ നിരന്തരം തർക്കമാണ്. എച്ച്. ബ്ലോക്കിലെ അഞ്ചാം നിലയിലാണ് എ.സി പ്രവർത്തനരഹിതമായ യൂനിറ്റ് പ്രവർത്തിക്കുന്നത്. ഇതിനു മുകളിലെത്താൻ ആകെ ഒരു ലിഫ്റ്റ്​ മാത്രമാണുള്ളത്. ലിഫ്റ്റിന്റെ പോരായ്മയും രോഗികളുടെ ബന്ധുക്കളുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധം വ്യാപകമായി. ( ചിത്രം.. മൾട്ടി ഡിസിപ്ലിറ്റി ഇന്റൻസിവ് കെയർ യൂനിറ്റ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.