ജാനകി അമ്മയുടെ നവതി ആഘോഷം ഗംഭീരമാക്കി ഗാന്ധിഭവൻ

ഹരിപ്പാട്: അനാഥമാക്കപ്പെട്ട് ഹരിപ്പാട് ഗാന്ധിഭവനിൽ കഴിയുന്ന ജാനകിയമ്മക്ക് ഇന്നലെ സന്തോഷത്തി‍ൻെറ ദിനമൊരുക്കി അധികൃതർ. 90‍ൻെറ നിറവിലെത്തിയ അന്തേവാസിയുടെ നവതി ആഘോഷം ഗംഭീരമാക്കി. ഹരിപ്പാട് ആയാപറമ്പിൽ പ്രവർത്തിക്കുന്ന ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസിയായ ജാനകി അമ്മ ആറന്മുള സ്വദേശിനിയാണ്. നാലു മക്കളാണുള്ളത്. ഒരു മകൻ മരണപ്പെട്ടു. മറ്റുമക്കൾ സംരക്ഷണം നൽകാതെ ഒറ്റപ്പെടുത്തിയ ജാനകിയമ്മയെ ആറന്മുള പൊലീസ് ഇടപെട്ടാണ് പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്. 2017 മുതൽ ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹ വീടിന്റെ സംരക്ഷണയിലാണ് ജാനകി കഴിഞ്ഞു വരുന്നത്. സ്നേഹവീട്ടിൽ സന്ദർശകരായി എത്തുന്ന ഏതൊരാൾക്കും ഏറെ പ്രിയപ്പെട്ടവളാണ് ജാനകി അമ്മ. നൂറുകണക്കിന് ആളുകൾ ഗാന്ധിഭവനിൽ എത്തി ആശംസകൾ നേർന്നു. മലങ്കര കത്തോലിക്ക മാവേലിക്കര ഭദ്രാസനം അധ്യക്ഷൻ ജോഷ്വാ മാർ ഇഗ്​നാത്തിയോസ് തിരുമേനി നവതി ആഘോഷം ഉദ്ഘാടനം ചെയ്തു. ചെറുതന പഞ്ചായത്ത്‌ പ്രസിഡന്റ്‌ എബി മാത്യു അധ്യക്ഷത വഹിച്ചു. ഗാന്ധിഭവനിൽ ആരംഭിച്ച കൗൺസലിങ്​ സെന്റർ ഉദ്ഘാടനം ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ എ.ഒ. അബീൻ നിർവഹിച്ചു. ഔഷധ സസ്യ ഉദ്യാനത്തി‍ൻെറ ഉദ്​ഘാടനം ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ശോഭ നിർവഹിച്ചു. ചലച്ചിത്ര അവാർഡ് ജേതാവ് രശ്മി അനിലും ആശംസകളുമായെത്തി. ഡയറക്ടർ മുഹമ്മദ്‌ ഷെമീർ സ്വാഗതവും സ്നേഹവീട് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജി. രവീന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു. ചടങ്ങിൽ ചെറുതന ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 70 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.