എം.പി ഫണ്ട് വിനിയോഗം: ആലപ്പുഴക്ക്​ നേട്ടം

ആലപ്പുഴ: ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍ എം.പി ഫണ്ട് വിനിയോഗത്തില്‍ മികച്ച പുരോഗതി നേടാനായതായി അവലോകന യോഗം വിലയിരുത്തി. 2019-20, 2021-22 വർഷങ്ങളിൽ നിർദേശിക്കപ്പെട്ട 71 പദ്ധതികളിൽ 262.39 ലക്ഷം രൂപ ചെലവഴിച്ച് 27 പദ്ധതികൾ പൂർണമായി പൂർത്തീകരിക്കാന്‍ എ.എം. ആരിഫ് എം.പിക്ക് കഴിഞ്ഞു. ഇതോടെ 2021-22ലെ ആദ്യ ഗഡു മണ്ഡലത്തിന് ലഭ്യമായി. എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആശുപത്രികൾക്കായി 11 ആംബുലൻസുകൾ നൽകി. 40 ലക്ഷം രൂപ ചെലവിട്ട് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡും 10 ലക്ഷം ചെലവിട്ട് ഹരിപ്പാട് റയിൽവേ സ്റ്റേഷൻ റോഡും പൂർത്തീകരിച്ചു. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ പാസഞ്ചർ ഷെൽറ്റർ, മിനി മാസ്റ്റ് നിർമാണം എന്നിവക്ക് ഭരണാനുമതി നൽകി നിര്‍വഹണ നടപടികള്‍ ആരംഭിച്ചു. നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എം.പി നിര്‍ദേശിച്ചു. ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കലക്ടർ ഡോ. രേണു രാജ്, ജില്ല പ്ലാനിങ്​ ഓഫിസർ എസ്. സത്യപ്രകാശ്, വിവിധ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എം.പി നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് എസ്റ്റിമേറ്റും അനുബന്ധ രേഖകളും സമയബന്ധിതമായി സമര്‍പ്പിച്ച് ഭരണാനുമതി നേടണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.