മത്സ്യകൃഷി കാലയളവ്​: ഉത്തരവ് പിൻവലിക്കണം -പൊക്കാളി സംരക്ഷണ സമിതി

കാലയളവ് നീട്ടുന്നത്​ നെൽകൃഷി ഇല്ലാതാക്കും അരൂർ: മത്സ്യകൃഷി കാലയളവ് നീട്ടാനുള്ള സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അരൂർ മണ്ഡലത്തിലെ പൊക്കാളി പാടശേഖരങ്ങളിൽ നെൽകൃഷി ഇല്ലാതാക്കാനെ ഈ ഉത്തരവ് സഹായിക്കൂ എന്ന് സമിതി നേതാക്കൾ പറഞ്ഞു. 'ഒരു നെല്ല് ഒരു മീൻ' സമ്പ്രദായം അനുസരിച്ച് നവംബർ 15 മുതൽ ഏപ്രിൽ 15വരെയാണ് മത്സ്യകൃഷിയുടെ കാലയളവ്. എന്നാൽ, കോവിഡിന്റെ മറവിൽ 2020-21 കാലയളവിൽ ഏപ്രിൽ 30വരെ സർക്കാർ മത്സ്യകൃഷിക്കുള്ള സമയം താൽക്കാലികമായി നീട്ടിക്കൊടുത്തതുപോലെ ഈവർഷവും ഏപ്രിൽ 30വരെ നീട്ടിയിരിക്കുകയാണ്. ചെമ്മീൻ കൃഷിക്കാരുടെ നിർബന്ധത്തിന് വഴങ്ങിയും കാലാവസ്ഥ വ്യതിയാനവും ഒമിക്രോൺ സാഹചര്യവും എന്ന ന്യായവും പറഞ്ഞാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഉത്തരവ് വന്നപ്പോൾ തന്നെ നെൽകൃഷിക്കായി വെള്ളം വറ്റിച്ചുതുടങ്ങിയ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറ്റുകയാണ്​. മത്സ്യകൃഷിയുടെ സമയം ഏകപക്ഷീയമായി നീട്ടിക്കൊടുത്ത സർക്കാർ നടപടി ശേഷിക്കുന്ന നെൽകൃഷിയും ഇല്ലാതാക്കും. ഉപ്പുവെള്ളം വറ്റിച്ച പാടശേഖരം​ ഏപ്രിൽ, മേയ് മാസങ്ങളിലെ മഞ്ഞും മഴയും വെയിലുംകൊണ്ട് പരുവപ്പെട്ട് ലവണാംശം ഇല്ലാതാകുമ്പോഴാണ് വിത്ത് വിതക്കുന്നത്. എന്നാൽ, ഒരു മാസംകൂടി കവർന്നതോടെ നെൽച്ചെടികൾക്ക് മുളക്കാനുള്ള സാഹചര്യം ഇല്ലാതാക്കപ്പെടും. 'ഒരു നെല്ല് ഒരു മീൻ' സർക്കാർ നയം സംരക്ഷിക്കേണ്ട സർക്കാർ തന്നെ അത് ലംഘിക്കുകയാണ്​. മണ്ഡലത്തിലെ തീരമേഖലയിൽ ഹെക്ടർ കണക്കിന് പൊക്കാളിപ്പാടങ്ങൾ ഉണ്ടെങ്കിലും അന്തർദേശീയ നിലവാരത്തിൽ കീർത്തികേട്ട പൊക്കാളി നെല്ല് അന്യമാകുകയാണ്. ചിത്രം അരൂർ മണ്ഡലത്തിലെ പൊക്കാളി നിലങ്ങളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.