കുട്ടനാട്ടിൽ മടവീഴ്ച; ലക്ഷങ്ങളുടെ നഷ്ടം

കുട്ടനാട്: ജലനിരപ്പ്​ ക്രമാതീതമായി ഉയർന്നതോടെ വ്യാഴാഴ്ച വിളവെടുപ്പ്​ ആരംഭിക്കാനിരുന്ന സി ബ്ലോക്ക്​ കായലിൽ മടവീഴ്ച. കൈനകരി കൃഷിഭവൻ പരിധിയിലെ 900 ഏക്കറോളം പാടത്ത് ചൊവ്വാഴ്ച പുലർച്ച അഞ്ചോടെയാണ് മടവീഴ്ചയുണ്ടായത്. ആറ്റിലെ വെള്ളത്തിന്റെ മർദത്തെത്തുടർന്ന് പാടത്തെ മോട്ടോർതറയുടെ പെട്ടിമടയുടെ അടിഭാഗത്ത്​ വിള്ളലുണ്ടാകുകയും വെള്ളം പാടത്തേക്ക്​ കയറുകയുമായിരുന്നു. വെള്ളപ്പാച്ചിലിൽ പെട്ടിമട തള്ളിപ്പോകുകയായിരുന്നു. മടവീഴ്ച മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കുട്ടനാട് പാക്കേജുപ്രകാരം പുറംബണ്ടിന്റെ നിർമാണപ്രവൃത്തി നടന്ന കായലാണിത്. ഇവിടെയുണ്ടാകുന്ന മടവീഴ്ച നിർമാണത്തിന്റെ നിലവാരമില്ലായ്മയാണ് പ്രകടമാക്കുന്നത്. പുറംബണ്ട്​ നിർമാണത്തിന്​ ബണ്ടിനരികിൽനിന്നുതന്നെയാണ് ചളിയെടുത്തിരുന്നത്. ഇത്​ പുറംബണ്ട്​ ദുർബലമാകാനും മടവീഴ്ചക്കും കാരണമായെന്ന് കർഷകർ പറയുന്നു. അതേസമയം, കുട്ടനാട്ടിൽ ക്രമാതീതമായി ജലനിരപ്പുയരുന്നത് വിളവെടുപ്പു പൂർത്തിയാകാത്ത പാടശേഖരങ്ങൾക്ക്​ ഭീഷണിയായി തുടരുകയാണ്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ വേലിയിറക്ക സമയങ്ങളിൽ ഉയർത്തി അധികജലം കടലിലേക്ക്​ ഒഴുക്കിക്കളയണമെന്ന് കർഷകർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഷട്ടറുകൾ ഉയർത്തിയെങ്കിലും ഇത്​ കാര്യക്ഷമമായല്ല പ്രവർത്തിപ്പിക്കുന്നതെന്നാണ് പരാതി. ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്ന്​ കുട്ടനാട്ടിലെ താഴ്ന്ന ജനവാസമേഖലകളും വെള്ളത്തിലായി. apl kutta പടം : കുട്ടനാട്ടിലെ സി ബ്ലോക്ക്​ കായലിലെ മടവീഴ്ചയുണ്ടായ സ്ഥലത്തുകൂടി വെള്ളം പാടത്തേക്ക്​​ ഇരച്ചുകയറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.