പൊക്കാളി കൃഷി പുനരുജ്ജീവിപ്പിക്കും ആലപ്പുഴ: ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പുതുമാതൃക സൃഷ്ടിക്കാനൊരുങ്ങി എഴുപുന്ന ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ സേനയുടെ അജൈവ മാലിന്യശേഖരണ പ്രവര്‍ത്തനങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഏകോപിപ്പിക്കുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. കെല്‍ട്രോണിന്‍റെ സഹായത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഉപയോഗിക്കുന്നത്. ഇതിന് വീടുകളിലും സ്ഥാപനങ്ങളിലും ക്യു.ആര്‍ കോഡ് പതിക്കും. മാലിന്യശേഖരണവും സംസ്കരണവും കൃത്യമായി നടക്കുന്നെന്ന് ഉറപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രദീപ് പറഞ്ഞു. ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നത് ഉള്‍പ്പെടെ നിരവധി വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി വിഭാവനം ചെയ്തിട്ടുള്ളത്. നീര്‍ച്ചാലുകളിലെ എക്കല്‍ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാൻ പഞ്ചായത്തിന് സ്വന്തമായി എക്സ്കവേറ്റര്‍ വാങ്ങുന്നത് പരിഗണനയിലാണ്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വേമ്പനാട്ടുകായല്‍ സംരക്ഷണ പദ്ധതിയുമായി ചേര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഒരുകാലത്ത് സജീവമായിരുന്ന പൊക്കാളി കൃഷി പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമവുമുണ്ട്. ഏക്കറുകളോളം പാടങ്ങളില്‍ ഇപ്പോള്‍ മത്സ്യകൃഷി മാത്രമാണുള്ളത്. കൃഷി വകുപ്പിന്‍റെ പിന്തുണയോടെ കര്‍ഷകര്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കി കൃഷി വീണ്ടെടുക്കുകയാണ് ലക്ഷ്യം. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തില്‍ വിഷുവിന് ആവശ്യമായ കണിവെള്ളരിയും പച്ചക്കറിയും കൃഷി ചെയ്‌തെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ശോച്യാവസ്ഥയിലുള്ള വലിയകുളം നവീകരിക്കും. നവീകരണവും സൗന്ദര്യവത്കരണവും വിശ്ര കേന്ദ്രവും ഉള്‍പ്പെടെ 50 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച കാക്കത്തുരുത്ത് ദ്വീപ് പഞ്ചായത്തിലാണ്. ദ്വീപിനെ മറുകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിശ്രമകേന്ദ്രം, നടപ്പാത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. എറണാകുളം ജില്ലയോടടുത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എന്ന നിലയില്‍ കൊച്ചിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ സാധ്യത പരിശോധിക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ഫര്‍ണിച്ചറുകളും നല്‍കുന്നുണ്ട്. പഞ്ചായത്തില്‍ മത്സ്യമാര്‍ക്കറ്റ് സമുച്ചയവും മത്സ്യഭവനും തുറന്നു. എ.എം. ആരിഫ് എം.പി എം.എല്‍.എ ആയിരുന്ന കാലത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മത്സ്യമാര്‍ക്കറ്റ് സമുച്ചയം നിര്‍മിച്ചത്. പഞ്ചായത്തിലെ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ഈ മാര്‍ക്കറ്റിനെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. തൊഴിൽ മേഖല ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കിവരുകയാണെന്നും പ്രസിഡന്‍റ് ആര്‍. പ്രദീപ് അറിയിച്ചു. പ്രവാസി രക്ഷാ ധർണ ആലപ്പുഴ: മടങ്ങിവന്ന പ്രവാസികൾക്ക് ആറുമാസത്തെ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കാൻ സർക്കാർ തയാറാകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. 60 കഴിഞ്ഞ പ്രവാസികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി പെൻഷൻ അനുവദിക്കുക, ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി നോർക്ക ഓഫിസ് സ്ഥിതി ചെയ്യുന്ന ആലപ്പുഴ മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ പ്രവാസി രക്ഷാ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി അധ്യക്ഷത വഹിച്ചു. സി.വി. മനോജ്‌കുമാർ, യു.എം. കബീർ, സിറിയക് ജോസഫ്, മാത്യു കൂടാരത്തിൽ, ഉണ്ണി കൊല്ലംപറമ്പിൽ, വർഗീസ് കോലത്തുപറമ്പ്, ഷാജി കുരുമാശ്ശേരിൽ, ജോസഫ് ചെങ്ങന്നൂർ, ഇസ്മായിൽ പുറക്കാട്, ബഷീർ ചേർത്തല, ഗുൽഷാൻ, സലീം കൂരയിൽ, സി.എം. റഷീദ് എന്നിവർ സംസാരിച്ചു. APL PRAVASI CONGRESS പ്രവാസി കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പ്രവാസി രക്ഷാ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.