എസ്.യു.സി.ഐ എന്തെന്ന് മന്ത്രി മനസ്സിലാക്കണം -ജയ്സൺ ജോസഫ്

ചെങ്ങന്നൂർ: എസ്.യു.സി.ഐ എന്തെന്ന് മന്ത്രി സജി ചെറിയാൻ മനസ്സിലാക്കണമെന്ന്​ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്സൺ ജോസഫ്​. ജനകീയ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പാർട്ടി ഒന്നര വർഷമായി കെ-റെയിൽ വിരുദ്ധ സമരത്തിൽ നിർണായക പങ്കാണ്​ വഹിച്ചുവരുന്നത്​. സമരങ്ങളുമായി ബന്ധപ്പെട്ടല്ലാതെ 40 വർഷമായി സംസ്ഥാനത്ത് ഒരു പ്രവർത്തകന്‍റെ പേരിലും ഒരു കേസുപോലും ഇല്ല. തീവ്രവാദികളാണെന്ന പ്രചാരണത്തിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ടൗണിൽ സംഘടിപ്പിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി എസ്. സീതിലാൽ അധ്യക്ഷത വഹിച്ചു. ആർ. പാർഥസാരഥി വർമ, ടി. കോശി, മധു ചെങ്ങന്നൂർ, എസ്. സൗഭാഗ്യകുമാരി, എം.എ. ബിന്ദു, കെ. ബിമൽജി, ടെസി ബേബി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ടി.കെ. ഗോപിനാഥൻ, വി. വേണുഗോപാൽ, വർഗീസ് എം. ജേക്കബ് എന്നിവർ നേതൃത്വം നൽകി. കെ-റെയിൽ: അലൈൻമെന്‍റ്​ മാറ്റിയത്​ ​ദുരന്തം കൂട്ടും -എം. മുരളി ചെങ്ങന്നൂർ: കെ-റെയിലിന്റെ ചെങ്ങന്നൂർ വഴിയുള്ള അലൈൻമെന്‍റ്​ രണ്ടു പ്രാവശ്യം തൽപരകക്ഷികളുടെ താൽപര്യപ്രകാരം മാറ്റിമറിച്ചതിന്‍റെ ദുരന്തമാണ് പുന്തല, കൊഴുവല്ലൂർ, മുളക്കുഴ, പിരളശ്ശേരി പ്രദേശങ്ങളിലെ ജനങ്ങളിപ്പോൾ അനുഭവിക്കുന്നതെന്ന് മുൻ എം.എൽ.എ എം. മുരളി. ആദ്യഅലൈൻമെന്‍റ്​ നൂറനാട് അർച്ചന എൻജിനീയറിങ്​ കോളജ് ഭാഗത്തുനിന്ന്​ തോട്ടക്കോണം, മാന്തുക, കാരയ്ക്കാട് കിഴക്കുഭാഗം, കോട്ട, നീർവിളാകം വഴി ആറാട്ടുപുഴയിൽ എത്തുന്നതായിരുന്നു. അതു അർച്ചന കോളജ് ഭാഗത്തുനിന്ന്​ പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ്​ കോളജുവഴി ഇടപ്പോൺ കിഴക്ക്, പുന്തല, കൊഴുവല്ലൂർ ക്ഷേത്രം, പൂതംകുന്ന് കോളനി, കൊഴുവല്ലൂർ സി.എസ്.ഐ ജങ്​ഷൻ, അരീക്കര, പെരിങ്ങാല, മുളക്കുഴ, പിരളശ്ശേരി വഴിയാക്കി ആറാട്ടുപുഴക്ക്​ മാറ്റിയതാണ് ജനവാസകേന്ദ്രങ്ങളിൽ ഭീതിയും പ്രതിഷേധവും ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. ഇതിൽ തന്നെ കൊഴുവല്ലൂർ ക്ഷേത്രത്തിനു സമീപത്തുനിന്ന്​ കൊഴുവല്ലൂർ മോടിയിൽ ജങ്​ഷൻ ഒഴിവാക്കാനാണ് പൂതംകുന്ന് കോളനിവഴി രണ്ടാം അലൈൻമെന്‍റ്​ മാറ്റിയതെന്ന ആക്ഷേപവും ഉയർന്നുവന്നിരിക്കുകയാണ്. എം.സി റോഡിനു സമീപത്തൂടെയുള്ള ആദ്യത്തെ അലൈൻമെന്‍റ്​ മാറ്റാനുള്ള തീരുമാനത്തിലും ദുരൂഹത ആരോപിക്കുന്നുണ്ട്. ജനസാന്ദ്രതയേറിയ പിരളശ്ശേരി ഭാഗത്തുകൂടി മാറ്റിമറിച്ച് പുതുക്കിയ അലൈൻമെന്റും അപ്രായോഗിക പദ്ധതിയും ഉപേക്ഷിക്കണമെന്ന് മുരളി ആവശ്യപ്പെട്ടു. എൽ.ഡി.എഫ് വിശദീകരണ യോഗം ചെങ്ങന്നൂർ: കെ-റെയിൽ പദ്ധതി സംബന്ധിച്ച കള്ളപ്രചാരണം തള്ളിക്കളയുക, വികസന വിരുദ്ധരെ ഒറ്റപ്പെടുത്തുക എന്നിവ ഉയർത്തി എൽ.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിലുള്ള രാഷ്ട്രീയ വിശദീകരണ യോഗം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ചെങ്ങന്നൂർ മാർക്കറ്റ് ജങ്​ഷനിൽ നടക്കും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.