പണിമുടക്ക് ഇന്ന് രാത്രി 12വരെ ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങളിൽ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിന്‍റെ ആദ്യദിനത്തിൽ ജനം വലഞ്ഞു. പൊതുഗതാഗതം നിശ്ചലമായി. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും ടാക്സി-ഓട്ടോ സർവിസുകളും ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സർവിസുകളും പൂർണമായി നിർത്തിവെച്ചു. ചൊവ്വാഴ്ച രാത്രി 12വരെയാണ് പണിമുടക്ക്. ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് മറ്റിങ്ങളിലേക്ക് എത്താൻ വാഹനം കിട്ടാത്ത സ്ഥിതിയാണ്. അവശ്യസർവിസുകൾ ഒന്നുമുണ്ടായിരുന്നില്ല. മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നുപ്രവർത്തിച്ചത്. പണിമുടക്ക് ടൂറിസം മേഖലക്ക് ഉണർവേകി. കായൽ സൗന്ദര്യം ആസ്വദിക്കാൻ നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയത്. ഹൗസ്ബോട്ടുകളിൽ ഇടംപിടിച്ച സഞ്ചാരികളെ സമരാനുകൂലികൾ തടഞ്ഞത് നേരിയ തടസ്സം തീർന്നു. പിന്നീട് പുന്നമട ഫിനിഷിങ് പോയന്‍റിൽനിന്ന് 70 ശതമാനത്തോളം ഹൗസ്ബോട്ടുകൾ യാത്ര നടത്തി. ജലഗതാഗതവകുപ്പിന്‍റെ ബോട്ടുകൾ സർവിസ് നടത്തിയില്ല. ഇത് കുട്ടനാട് അടക്കമുള്ള ഉൾപ്രദേശങ്ങളിലെ ജനങ്ങളെ ബാധിച്ചു. മറ്റ് യാത്രസൗകര്യമില്ലാത്ത പെരുമ്പളത്ത് ബോട്ടുകൾ സർവിസ് നടത്താതിരുന്നതും ദുരിതമായി. ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്നതിന് വാട്ടർ ആംബുലൻസ് സർവിസുണ്ടായിരുന്നു. ആരോഗ്യമേഖലയെയും കാര്യമായി ബാധിച്ചു. ജീവനക്കാരുടെ യാത്രക്കായി ആംബുലൻസ് അടക്കമുള്ള സൗകര്യം ഒരുക്കിയെങ്കിലും പലരും വിട്ടുനിന്നു. കുട്ടനാട്ടിലെ ചിലസ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു. പുളിങ്കുന്ന് എൻജിനീയറിങ് കോളജിൽ എത്തിയ അധ്യാപകരെ സമരക്കാർ പുറത്തിറക്കി. ഹോട്ടലുകളും കടകമ്പോളങ്ങളും പൂർണമായും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ജില്ലയിൽ ഒരിടത്തും സർവിസ് നടത്തിയില്ല. രണ്ടുദിവസത്തെ അവധിക്കൊപ്പം പണിമുടക്കിലും തുടർച്ചയായ നാലുദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവും നടന്നില്ല. തൊഴിലാളികൾ, കൃഷിക്കാർ, ബാങ്ക് ജീവനക്കാർ, ഇൻഷുറൻസ് മേഖലയിലെ ജീവനക്കാർ, തുറമുഖ തൊഴിലാളികൾ തുടങ്ങിയവരെല്ലാം രണ്ടാംദിനത്തിലെ പണിമുടക്കിലും അണിചേരും. ജില്ലയിലെ പഞ്ചായത്ത്-മുനിസിപ്പൽ പ്രദേശങ്ങളിലെ സമരകേന്ദ്രങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ ധർണ നടത്തി. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും പങ്കെടുത്തു. ആരോഗ്യമേഖലയെ തളർത്തി ആലപ്പുഴ: 48 മണിക്കൂർ പണിമുടക്ക് ആരോഗ്യമേഖലയെ തളർത്തി. ആംബുലൻസ് അടക്കമുള്ള ഗതാഗതസൗകര്യം ഏർപ്പെടുത്തിയിട്ടും ഭൂരിഭാഗം ജീവനക്കാരും ഹാജരായില്ല. ഇത് കോവിഡ് വാക്സിൻ വിതരണത്തെയും ബാധിച്ചു. 80 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം മുടങ്ങിയത്. ആലപ്പുഴ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ഒ.പികളിൽ ഡോക്ടർമാർ എത്തിയെങ്കിലും രോഗികൾ കുറവായിരുന്നു. APL MB01 ksrtc bus stand പണിമുടക്കിൽ വിജനമായ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് APL MB02 vazhicherry market വ്യാപാരസ്ഥാപനങ്ങൾ പൂർണമായി അടഞ്ഞുകിടക്കുന്ന ആലപ്പുഴ വഴിച്ചേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.