ബ്രദർ മാത്യു ആൽബിന്റെ ജീവിതം പുസ്തകമാകുന്നു

അമ്പലപ്പുഴ: തെരുവിൽനിന്ന്​ കണ്ടെത്തുന്ന അനാഥരെ സംരക്ഷിക്കുന്ന സ്ഥാപനമായ പുന്നപ്ര ശാന്തിഭവന്റെ സ്ഥാപകനും മാനേജിങ്​ ട്രസ്റ്റിയുമായ . 'കനല്‍വഴികള്‍' ആത്മകഥ ഏപ്രില്‍ മൂന്നിന് പ്രകാശനം ചെയ്യും. ചേർത്തല താലൂക്കിൽ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ആൽബിന്‍റെ ബാല്യകാലം ദുരിതപൂർണമായിരുന്നു. ബാല്യകാലത്തുതന്നെ പിതാവിനെ നഷ്ടപ്പെട്ടു. നാടുവിട്ട് പല തൊഴിലും ചെയ്തു. പിന്നീട് നാട്ടിലെത്തി ഇറച്ചിവെട്ടുകാരനായി ജീവിതം തുടരുന്നതിനിടെ ഗുണ്ട പ്രവർത്തനങ്ങളിലും സജീവമായി. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി. ഇറച്ചി ആൽബിൻ എന്ന പേരിൽ കുപ്രസിദ്ധ ക്രിമിനലായി. തുടർന്ന് ജീവപര്യന്തം തടവുശിക്ഷക്ക്​ ജയിലിൽ അടക്കപ്പെട്ടു. പരോളിൽ ഇറങ്ങിയപ്പോള്‍ ചില കന്യാസ്ത്രീകൾ മുഖേന മാനസാന്തരത്തിലേക്കുള്ള ആദ്യ ചുവടുവെച്ചു. ആ സന്ദർഭത്തിൽ ആകാശപ്പറവകളുടെ കൂട്ടുകാരനെന്ന് അറിയപ്പെട്ട ഫാ. ജോർജ് കുറ്റിക്കലച്ചനുമായി പരിചയപ്പെട്ടതോടെ ആൽബിൻ മാനസാന്തരത്തിന്റെ പൂർണതയിൽ എത്തുകയായിരുന്നു. 1996 ജനുവരി 26ന് നല്ല നടപ്പിന്റെ പശ്ചാത്തലത്തിൽ ആൽബിൻ ജയിൽ മോചിതനായി. തുടർന്ന് തെരുവിൽ കണ്ടെത്തിയ അനാഥരെ ഏറ്റെടുത്ത്​ സംരക്ഷിക്കാനുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ബ്രദർ മാത്യു ആൽബിന്റെ മാനസാന്തര ജീവിതത്തിന് ഇപ്പോൾ 25 വർഷം പൂർത്തിയായി. ഇന്ന് 180ലേറെ തെരുവുമക്കളാണ് ശാന്തിഭവനിൽ കഴിയുന്നത്. ബ്രദർ മാത്യു ആൽബിന്റെ തീക്ഷ്​ണമായ ജീവിത താനുഭവങ്ങൾ വിശദമായി വിവരിക്കുന്ന കൃതിയാണ് കനല്‍വഴികള്‍. ആലപ്പുഴ നാദം ബുക്സാണ് പ്രസാധകർ. ശാന്തിഭവന്‍ രജതജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. രേണുരാജ് പ്രകാശനം നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.