വെള്ളപ്പൊക്കത്തിൽനിന്ന്​ കുട്ടനാടിനെ സംരക്ഷിക്കണം -ഡി.വൈ.എഫ്​.ഐ

ആലപ്പുഴ: ജലാശയങ്ങളിൽ അടിഞ്ഞ എക്കലും ചളിയും നീക്കി കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന്​ രക്ഷിക്കണമെന്ന്‌ ഡി.വൈ.എഫ്‌.ഐ ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വർഷങ്ങളായി കാലാവസ്ഥയിലെ ഗണ്യമായ വ്യതിയാനത്തിൽ സംസ്ഥാനത്തിന്‍റെ പലയിടത്തും പ്രകൃതിദുരന്തങ്ങളുണ്ടാകുന്നു. ഇവയിൽ പ്രധാനം കുട്ടനാട്ടിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്കമാണ്. മഹാപ്രളയത്തിന്റെയും തുടർവെള്ളപ്പൊക്കത്തിന്റെയും കെടുതികൾ നേരിട്ട്​ അറിഞ്ഞവരാണ്. കുട്ടനാട്ടിലെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമല എന്നിവയുടെയും ഇവയുടെ കൈവഴികളുടെയും അടിത്തട്ട്‌ എക്കലും ചളിയും അടിഞ്ഞ്‌ ഉയർന്നിട്ടുണ്ട്. അതിനാൽ വെള്ളം വഹിക്കാനുള്ള നദികളുടെ ശേഷി ഗണ്യമായി കുറഞ്ഞു. ഇതേ അവസ്ഥയാണ് വേമ്പനാട്ട് കായലിനും സംഭവിച്ചത്. ഇതുമൂലം ചെറിയതോതിൽ മഴ പെയ്യുമ്പോൾ കരകവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്. അതിനാൽ അടിയന്തരമായി എക്കലും ചളിയും നീക്കി ജലസംഭരണ ശേഷി വർധിപ്പിക്കണം. നീക്കുന്ന ചളി ഉപയോഗിച്ച് പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുക വഴി കാർഷിക മേഖലയെ സംരക്ഷിക്കാനാകും. കുട്ടനാടൻ ജലാശയം നേരിടുന്ന മറ്റൊരു മഹാവിപത്താണ് വിഷപ്പോള. ഉയരത്തിൽ തിങ്ങിനിറഞ്ഞ്‌ വളരുന്ന ഇവ ഇടത്തോടുകളിൽ നീരൊഴുക്കിന്‌ തടസ്സമാകുന്നു. ഇതിന്​ മുമ്പ്​ ഭീഷണിയുയർത്തിയ ആഫ്രിക്കൻ പായൽ ജൈവികമായി നശിപ്പിച്ചതുപോലെ ഇവയെ നശിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ നടപടിയെടുക്കണം. രണ്ടാം കുട്ടനാട് പാക്കേജിനോട് ചേർന്ന് ഇക്കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.