നോൺ ടീച്ചിങ്​ പ്രിൻസിപ്പലായി ഹെഡ്​മാസ്റ്റർമാർക്കിനി സ്ഥാനക്കയറ്റമില്ല

ആലപ്പുഴ: എയ്ഡഡ് സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് ഹയർ സെക്കൻഡറി സീനിയർ അധ്യാപകർ, സ്കൂൾ ഹെഡ്​മാസ്റ്റർമാർ എന്നിവരിൽനിന്ന്​ 2:1 അനുപാതപ്രകാരം സ്ഥാനക്കയറ്റം നൽകി നിയമിക്കുമ്പോൾ അവർ പഠിപ്പിക്കേണ്ട വിഷയത്തിൽ ഒഴിവുവരുന്ന മുറക്ക് മാത്രം നൽകിയാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറിയുടെ ആരംഭകാലത്ത് ഇത്തരത്തിൽ തസ്തികയില്ലാതെ നിയമനം നടത്തിയത് പിന്നീട് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച്​ ക്രമീകരിക്കുകയായിരുന്നു. തസ്തികയില്ലാത്തിടത്ത്​ സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം സർക്കാറിന്​ വൻ സാമ്പത്തികബാധ്യതയാണ്. ഹയർ സെക്കൻഡറി സ്പെഷൽ റൂൾ പ്രകാരം 16 പീരിയഡ് ഉള്ള സീനിയർ ഹയർ സെക്കൻഡറി അധ്യാപകനായിരിക്കണം പ്രിൻസിപ്പൽ. എന്നാൽ, 2006 ഡിസംബറിൽ ​പൊതുവിദ്യാഭ്യാസ വകുപ്പ്​ ഇറക്കിയ 290/2006 ജി.ഇ.ഡി.എൻ ഉത്തരവി‍ൻെറ മറവിൽ പല എയ്ഡഡ് സ്കൂളിലും നോൺ ടീച്ചിങ്​ പ്രിൻസിപ്പലായി ഹെഡ്​മാസ്റ്റർമാർക്ക്​ സ്ഥാനക്കയറ്റം നൽകി നിയമിച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി നിയമങ്ങളെ സർക്കാർ ഉത്തരവിലൂടെ മറികടക്കാൻ കഴിയില്ലെന്ന്​ വ്യക്തമാക്കിയാണ്​ പഠിപ്പിക്കാൻ പീരിയഡില്ലാത്തിടത്ത്​ പുതിയ നോൺ ടീച്ചിങ്​ തസ്തിക സൃഷ്ടിച്ച് പ്രിൻസിപ്പൽ നിയമനം പാടില്ലെന്ന് പുതിയ ഉത്തരവ്​ (1416/2022 GEdn,1225/2022 GEdn). ഹെഡ്​മാസ്റ്റർമാരിൽനിന്ന്​ പ്രിൻസിപ്പൽ പ്രമോഷൻ നൽകുമ്പോൾ തസ്തിക ഉള്ളിടത്ത് മാത്രമെന്ന നിബന്ധന സർക്കാർ സ്കൂളുകളിൽ കൃത്യമായി പാലിക്കുന്നുണ്ട്. എന്നാൽ, ചില എയ്ഡഡ് സ്കൂളുകളിൽ ഇതിന് വിരുദ്ധമായ നിയമനങ്ങൾ ശ്രദ്ധയിൽപെട്ടതിനാലാണ് ഹൈകോടതി നിർദേശപ്രകാരം സർക്കാർ ഉത്തരവിറക്കിയത്​. ഹയർ സെക്കൻഡറി അധ്യാപകരായ പ്രഭാത്, മുഹമ്മദ് സാബിർ സാഹിബ്, ശ്രീകല, ശ്രീലേഖ എന്നിവരാണ്​ ഹെഡ്​മാസ്റ്റ​ർമാരെ പ്രിൻസിപ്പൽ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി നിയമിക്കുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചത്​. തുടർന്നാണ്​ സർക്കാർ വ്യക്തത വരുത്തി ഉത്തരവിറക്കിയത്​. നിയമവിരുദ്ധമായി നടത്തിയ നിയമനങ്ങൾ പ്രകാരം നോൺ ടീച്ചിങ്​ പ്രിൻസിപ്പൽമാർ തുടരുന്നതിനെതിരെ​ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്​ ഒരുപറ്റം അധ്യാപകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.