പുഞ്ചക്കൊയ്ത്ത്​ വൈകുന്നു; തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ​ തുറക്കൽ നീളും

-കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ശുദ്ധജലക്ഷാമം കുട്ടനാട്​: കുട്ടനാട്ടിലെ പുഞ്ചക്കൊയ്ത്ത് പൂർത്തിയാകാൻ വൈകുന്നതിനാൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് നീളാൻ സാധ്യത. താമസിച്ചു വിത നടന്നതിനാൽ ഏപ്രിൽ അവസാനത്തോടെ മാത്രമേ കൊയ്ത്ത് പൂർത്തിയാകാൻ സാധ്യതയുള്ളൂ. കൃഷിക്കായി ഡിസംബർ 15ന് ഷട്ടറുകൾ അടച്ച് മാർച്ച് 15ന് തുറക്കുന്നതാണ്​ പതിവ്. ഷട്ടറുകൾ അടഞ്ഞുകിടക്കുന്നത് കുട്ടനാട്ടിൽ മാലിന്യപ്രശ്നം രൂക്ഷമാക്കും. ഒഴുക്കുനിലച്ച് പായലും പോളയും നിറഞ്ഞ ജലാശയങ്ങളിൽ ഇപ്പോൾത്തന്നെ മലിനീകരണം രൂക്ഷമാണ്. പകർച്ചവ്യാധികൾ വ്യാപിക്കുമെന്നും ആശങ്കയുണ്ട്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ ജലസ്രോതസ്സുകൾ തീർത്തും മലിനമായതോടെ മിക്ക പ്രദേശങ്ങളിലും ശുദ്ധജലക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ശുദ്ധജലം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ്. തോടുകളിൽ പോള നിറഞ്ഞുകിടക്കുന്നതിനാൽ വള്ളത്തിൽ പോയി ശുദ്ധജലം ശേഖരിക്കാനും കഴിയാതായി. തോടുകളിലെ വെള്ളം മലിനമായതിനാൽ കുളിക്കാനോ തുണി അലക്കാനോ പറ്റുന്നില്ല. പോളതിങ്ങിനിറഞ്ഞതു ജലഗതാഗതത്തെയും ബാധിച്ചു. പോള ചീഞ്ഞു വെള്ളത്തിൽനിന്ന്​ ദുർഗന്ധം വമിക്കാനും തുടങ്ങി. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, മോട്ടോർ ബോട്ട് എന്നിവക്ക്​ പോളമൂലം ഓട്ടം നിലയ്ക്കുന്നു. കൊയ്ത്ത്​ പൂർത്തിയായി ഷട്ടറുകൾ തുറക്കുന്നതോടെ കായലിലും തോടുകളിലും ഒഴുക്കുണ്ടാകും. 15ന് ഷട്ടറുകൾ തുറക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്. ഷട്ടറുകൾ അടഞ്ഞുകിടക്കുന്നത് മത്സ്യബന്ധനത്തെ ബാധിക്കും. കൃഷി വകുപ്പിന്റെ ശിപാർശ പ്രകാരമാണ് ബണ്ടിന്റെ ഷട്ടറുകൾ അടക്കുന്നതും തുറക്കുന്നതും. കൃഷി ഇറക്കുന്നതിനും വിളവെടുപ്പും സംഭരണവും നടത്തുന്നതിനും കൃഷി വകുപ്പ് കർഷകർക്ക് നിർദേശങ്ങൾ നൽകാറുണ്ട്. ഇതനുസരിച്ച് മാർച്ചിൽ കൊയ്ത്ത് പൂർത്തിയാക്കി ഷട്ടറുകൾ തുറക്കാൻ കഴിയേണ്ടതാണ്. മഴയും പുറംബണ്ടിന്റെ ബലഹീനതയും മറ്റു പലവിധ കാരണങ്ങളാലും കർഷകർക്ക് കൃഷി വകുപ്പിന്റെ നിർദേശം അനുസരിച്ച് വിത നടത്തി വിളവെടുപ്പ് നടത്താൻ കഴിയാതെ വരുകയായിരുന്നു. ബണ്ട് അടഞ്ഞുകിടക്കുന്നത് മത്സ്യബന്ധനത്തെ ബാധിക്കും. ഇത്​ മത്സ്യത്തൊഴിലാളികളെയും ബാധിക്കും. 32 പേര്‍ക്കുകൂടി കോവിഡ് ആലപ്പുഴ: ജില്ലയില്‍ 32 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 42 പേര്‍ രോഗമുക്തരായി. നിലവില്‍ 367 പേര്‍ ചികിത്സയില്‍ കഴിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.