എ.സി റോഡ്​ നവീകരണം മറയാക്കി കുട്ടനാട്ടിൽ വ്യാപക നിലംനികത്തൽ​

-ടിപ്പറുകളിലും കെട്ടുവള്ളങ്ങളിലും പുലർച്ച ഗ്രാവലെത്തിച്ചാണ് നികത്തൽ ആലപ്പുഴ: എ.സി റോഡ് നിർമാണത്തിന്റെ മറവിൽ കുട്ടനാട്ടിൽ നിലംനികത്തൽ വ്യാപകം. കുട്ടനാട് താലൂക്കിൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നത് വർധിക്കുന്നതായാണ്​ പരാതി. പൊലീസ്- റവന്യൂ-നഗരസഭ അധികൃതരുടെ പ്രത്യേക സ്‌ക്വാഡ് നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ ക്ഷാമം പ്രവർത്തനത്തെ ബാധിച്ചു. വീടുവെക്കാനെന്ന പേരിലും നിലം നികത്തുന്നുണ്ട്. എതിർക്കാതിരിക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ പിൻബലവും ഉണ്ടത്രേ. പൊതുതോടുകളിലെ കൈയേറ്റം പ്രത്യേകം ഏജന്റുമാർ കരാറടിസ്ഥാനത്തിലാണ് ചെയ്യുന്നത്. ടിപ്പറുകളിലും കെട്ടുവള്ളങ്ങളിലും പുലർച്ച ഗ്രാവലെത്തിച്ചാണ് നികത്തൽ. ഇതിനുപിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. നഗരത്തിൽ എ.സി റോഡിൽ ഒന്നാം പാലത്തിന് കിഴക്കോട്ട് ദേവസ്വംകരി പാടശേഖരമാണ്​ വ്യാപകമായി നികത്തുന്നത്. റോഡ് പുനർനിർമാണത്തിനും കാന നിർമാണത്തിനുമായി നീക്കുന്ന വലിയ കുഴികളിൽനിന്നുള്ള മണലാണ് നിലംനികത്തുന്നതിനും തണ്ണീർത്തടങ്ങൾ നികത്തുന്നതിനും ഉപയോഗിക്കുന്നത്. ദേവസ്വം കരി പാടശേഖരത്തിൽ എ.സി റോഡിനോട് ചേർന്ന ഭാഗങ്ങളിലാണ് നികത്തൽ തകൃതി. ഇതുസംബന്ധിച്ച് അധികൃതർക്ക് പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരെയടക്കം സ്വാധീനിച്ചാണ് നികത്തൽ നടക്കുന്നതെന്ന്​ ആക്ഷേപമുണ്ട്​. റോഡ് നവീകരണം പൂർത്തിയാകുമ്പോൾ റോഡിനോട്​ ചേർന്ന ഭൂമിക്ക്​ വലിയ വില ലഭിക്കുമെന്ന് കണ്ടാണ് ഭൂമാഫിയ നിലംനികത്തുന്നത്. കളർകോട് ജങ്​ഷന് പടിഞ്ഞാറ് വൻതോതിൽ ചതുപ്പുനിലങ്ങൾ നികത്തിക്കഴിഞ്ഞു. വലിയ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും വെള്ളക്കെട്ടിനും ഇത് ഇടയാക്കുമെന്നാണ്​ ആശങ്ക. നഗരസഭ പരിധിയിൽ അഞ്ചുസെന്റിലും പഞ്ചായത്ത് പരിധിയിൽ പത്തുസെന്റിലും കൂടുതൽ നിലംനികത്താൻ നിയമം അനുവദിക്കാത്തതിനാൽ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിൽ ഭൂമി വാങ്ങി നികത്തി വീടുവെച്ച് വിൽപന നടത്തുകയാണ് റിയൽ എസ്റ്റേറ്റ് മാഫിയ. കുട്ടനാടൻ മേഖലകളിൽ ചില കരപ്പാടങ്ങൾ ഇത്തരക്കാർ കൈക്കലാക്കിയിട്ടുണ്ട്. താലൂക്കിൽ അനുമതിയില്ലാതെ നിലവും തണ്ണീർത്തടവും നികത്തുന്നത് കണ്ടെത്തുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപവത്​കരിച്ചിട്ടുണ്ട്. കയർമേഖലക്ക്​ കുതിപ്പേകുന്ന ബജറ്റ് -എൻ. സായികുമാർ ആലപ്പുഴ: രണ്ടാം കയർ പുനഃസംഘടന പദ്ധതി ഊർജിതമായി നടപ്പാക്കിവരുന്ന ഘട്ടത്തിൽ കയർമേഖലക്ക്​ കുതിപ്പേകുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത്​ കരസ്ഥമാക്കിയ നേട്ടത്തിൽനിന്ന്​ കുതിക്കുന്നതും മത്സരത്തെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നതുമാണ് ഈ വർഷത്തെ ബജറ്റ്. 2022-23ൽ മേഖലക്ക്​ 117 കോടി രൂപയാണ് നീക്കിവെച്ചത്. മുൻവർഷത്തെക്കാൾ അഞ്ചുകോടി രൂപ അധികമാണിത്​. 38 കോടി വിലസ്ഥിരത ഫണ്ടിനായി നീക്കി​വെച്ചു. ഫൈബർ ഉൽപന്നങ്ങളിൽനിന്നുള്ള മത്സരത്തെ അതിജീവിച്ച് ഗുണനിലവാരമുള്ളതും വൈവിധ്യമാർന്നതുമായ ഉൽപന്നങ്ങൾ നിർമിച്ച് ആഗോളതലത്തിലുള്ള ഡിമാൻറ് നിറവേറ്റാൻ കഴിയുന്ന തരത്തിൽ കയർ മേഖലയെ പ്രാപ്തമാക്കുമെന്നും ബജറ്റ് ഉറപ്പുനൽകുന്നു. കയർ വ്യവസായത്തിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും കയർ സംഘങ്ങൾക്കും കയർ പൊതുമേഖല സ്ഥാപനങ്ങൾക്കും കയർഫെഡിനും ആശ്വാസം പകരുന്ന നടപടികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.