ചെട്ടികുളങ്ങര കുംഭഭരണി ഉത്സവത്തിന്​ ഇന്ന്​ തുടക്കം

ഭരണി ഈ മാസം ഏഴിന് മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ചൊവ്വാഴ്ച തുടങ്ങും. ഈ മാസം ഏഴിനാണ് ഭരണി. ഭരണി ദിവസം രാവിലെ കുത്തിയോട്ട സമർപ്പണം നടക്കും. വൈകീട്ട്​ 13 കരയിൽനിന്നുള്ള കെട്ടുകാഴ്ചകൾ ദേവിക്കുമുന്നിൽ സമർപ്പിക്കും. പിറ്റേന്ന് പുലർച്ച ദേവിയുടെ എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. കോവിഡ് നിയന്ത്രണങ്ങളത്തുടർന്ന്​ കഴിഞ്ഞവർഷം രണ്ടു കെട്ടുകാഴ്ച മാത്രമാണ് ഉണ്ടായിരുന്നത്. കുത്തിയോട്ടം വഴിപാടും നിയന്ത്രണങ്ങളോടെയാണ്​ നടത്തിയത്. ഇത്തവണ പതിവ് അനുസരിച്ചു്​ കരകളിൽ കെട്ടുകാഴ്ചകളൊരുക്കും. കുത്തിയോട്ടം വഴിപാടും ആചാരപ്രകാരം നടത്തും. കുത്തിയോട്ടം ഇത്തവണ എട്ടിടത്താണ്​ നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്ര നടയിൽനിന്ന്​ വഴിപാടുകാർ കുത്തിയോട്ട ബാലന്മാരെ ദത്തെടുക്കുന്നതോടെയാണ്​ ചടങ്ങുകൾക്കു തുടക്കമാകുന്നത്. സന്ധ്യയോടെ വഴിപാടുവീടുകളിൽ കുത്തിയോട്ട പാട്ടും ചുവടും തുടങ്ങും. രേവതിനാൾവരെ പാട്ടും ചുവടും തുടരും. ഭരണിനാളിൽ പുലർച്ച പാട്ടും മേളവും താലപ്പൊലിയുമായി കുത്തിയോട്ട സമർപ്പണത്തിന്​ ദേവിസന്നിധിയിലേക്ക്​ പുറപ്പെടും. ക്ഷേത്ര പ്രദക്ഷിണത്തിന്​ ശേഷം കുത്തിയോട്ടം വഴിപാട് സമർപ്പിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി കരകളിൽനിന്നുള്ള കെട്ടുകാഴ്ചയൊരുക്കം ചൊവ്വാഴ്ച രാവിലെ തുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.