അർജുന്​ ആശ്വാസം; കുടുങ്ങിയവരെ ഓർത്ത്​ ആശങ്കയും

എം.ബി. സനൽകുമാരപ്പണിക്കർ ചെങ്ങന്നൂർ: റഷ്യയുടെ ആക്രമണത്തിനിരയായ യുക്രെയ്​നിൽനിന്ന്​ രക്ഷപ്പെട്ട് സുരക്ഷിതമായി നാട്ടിലെത്തിയെങ്കിലും അവിടെ കുടുങ്ങിയ സുഹൃത്തുക്കളടക്കം ആയിരക്കണക്കിന്​ വിദ്യാർഥികളുടെ ദുരിതങ്ങളോർത്ത്​ സമാധാനം തകർന്ന നിലയിലാണ് 19കാരനായ അർജുൻ ഹരി. മാന്നാർ കുരട്ടിക്കാട് ശ്രീപതിയിൽ എം.പി. ഹരികുമാർ-സുവർണകുമാരി ദമ്പതികളുടെ മകനായ അർജുൻ, വി.എൻ. കരാസിൻ ഖർകിവ് നാഷനൽ യൂനിവേഴ്സിറ്റിയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. പ്ലസ് ടുവിനുശേഷം കുറഞ്ഞ ചെലവിൽ വിദേശപഠനം ലക്ഷ്യമാക്കിയാണ് ഏജൻസി മുഖേന എം.ബി.ബി.എസിന്​ ചേർന്നത്​. കൊല്ലം സ്വദേശികളായ അബു താഹിർ, ഫൈറൂസ് നിസാം, മാലിക്, ഹരിപ്പാട് സ്വദേശി ഫൈസൽ എന്നിവർക്കൊപ്പമാണ്​ യുക്രെയ്​ൻ ഇന്റർനാഷനൽ വിമാനത്തിന്റെ അവസാന യാത്രയിൽ ഒഴിവുണ്ടായ അഞ്ച്​ സീറ്റ്​ റിസർവ്‌ ചെയ്തത്​. ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിലിറങ്ങിയ നാലുപേരെയും തിരഞ്ഞുപിടിച്ച് ഒരുവശത്തേക്ക് മാറ്റി നിർത്തിയശേഷം 300 രൂപ അടച്ച്​ ആർ.ടി പി.സി.ആർ എടുക്കണമെന്നാവശ്യപ്പെട്ടു. യുദ്ധ സ്ഥലത്തുനിന്ന്​ രക്ഷപ്പെട്ട്​ ജീവനുംകൊണ്ട് എത്തിയവരാണെന്ന്​ അറിയിച്ചിട്ടുപോലും വഴങ്ങിയില്ല. പരിശോധന നടത്താതെ പോകാൻ 3000 രൂപ ഫൈൻ വേണമെന്ന്​ പറഞ്ഞതോടെ 300 അടച്ചു. പിന്നീട്​ നെടുമ്പാശ്ശേരി വഴി വീടുകളിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഒത്തുകൂടാനായി. മറ്റൊരു ഇന്ത്യൻ വിമാനത്തിൽ രണ്ടു മലയാളി പെൺകുട്ടികളും നാട്ടിലെത്തിയിരുന്നു. ഒരുമാസം മുമ്പ്​ ഡു ഹാൻസി, ഡൊണാക് സ്ഥലങ്ങളിൽ റഷ്യ ബോംബ് വർഷിച്ചപ്പോൾ ഇന്ത്യൻ എംബസി യുദ്ധമുന്നറിയിപ്പ്​ നോട്ടീസ് നൽകി താൽക്കാലികമായി മാറി നിൽക്കാൻ ആവ​ശ്യപ്പെട്ടു. കഴിഞ്ഞ 16ന്​ യുദ്ധമുണ്ടാകില്ലെന്നുള്ള ധാരണ പടർന്നു. നാട്ടിൽ പോകണ്ടവർക്കു പരീക്ഷ എഴുതാൻ മടങ്ങിയെത്തണമെന്നുള്ള സർവകലാശാലയുടെ അറിയിപ്പ് ഭാരിച്ച പണച്ചെലവുവരുന്ന യാത്രയിൽനിന്ന്​ എല്ലാവരെയും പിന്തിരിപ്പിച്ചു​. അവിടുത്തെ സംഭവവികാസങ്ങൾ വിളിച്ചുപറഞ്ഞ്​ കരയുകയാണ് എല്ലാവരും. ഇനിയും പഠനം തുടരാൻ സാധിക്കുമോയെന്ന്​ ഉറപ്പില്ലാത്ത സ്ഥിതിയാണ്​. കരിങ്കടലിനു കുറുകെയുള്ള പാലം, റോഡ് മാർഗങ്ങളെല്ലാം റഷ്യ തകർത്തതോടെ പോളണ്ട്, ഹംഗറി, റുമേനിയ എന്നിവിടങ്ങളിലേക്ക്​ എത്താൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ അതിർത്തിയിൽ കുടുങ്ങിയവരെയാണ് ഇന്ത്യ മടക്കിക്കൊണ്ടുവരുന്നത്​. 23ന്​ ഖർകിവ് എയർപോർട്ടിൽനിന്ന്​ അവസാനവിമാനം ഇന്ത്യയിലേക്ക്​ പറന്നുയർന്നതിന്​ പിന്നാലെയാണ്​ ബോംബ്​ വർഷമുണ്ടായത്​. യുദ്ധത്തിന്​ തൊട്ടുമുമ്പ്​ രക്ഷപ്പെടാനുള്ള ഭാഗ്യം തങ്ങൾക്കനുകൂലമായിരുന്നെന്നും അർജുൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. APG arjun ukrain യുക്രെയ്​നിൽനിന്ന്​ നാട്ടിലെത്തിയ അർജുൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.