സ്വകാര്യബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ല; പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്​

ആലപ്പുഴ: സ്കൂൾ വിദ്യാർഥികളെ സ്വകാര്യബസുകളിൽ കയറ്റുന്നില്ലെന്ന പരാതിയിൽ മോട്ടോർ വാഹനവകുപ്പ്​ പരിശോധന നടത്തി. വെള്ളിയാഴ്ച പ്രത്യേക സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആലപ്പുഴയിലും കായംകുളത്തും രണ്ടുകേസ്​ രജിസ്റ്റർ ചെയ്​തു. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ യൂനിഫോമിലല്ലാതെ വിദ്യാർഥികൾ കൂട്ടമായെത്തുന്ന ബസ്​ സ്​റ്റോപ്പുകളിൽ നടത്തിയ പരിശോധനയിലാണ്​ നടപടി. ഡ്രൈവറുടെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്യുന്നതടക്കം നടപടിയെടുക്കും. സ്കൂൾ വിട്ട്​ എത്തുന്ന വിദ്യാർഥികളെ കയറ്റാതിരിക്കുന്നതിനൊപ്പം കൺസെഷനും നൽകുന്നില്ലെന്ന്​ വ്യാപകപരാതി ഉയർന്നിരുന്നു. പലയിടത്തും കൃത്യമായ സ്​റ്റോപ്പുകളിൽ നിർത്താതെയാണ്​ വിദ്യാർഥികളുടെ യാത്ര നിഷേധിക്കുന്നത്​. കൺസെഷനും നൽകാറില്ല. ഇത്​ ചോദ്യംചെയ്യുന്ന വിദ്യാർഥികളെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്​. പല വിദ്യാർഥികളും സാധാരണനിരക്ക്​ നൽകിയാണ്​ യാത്രചെയ്യുന്നത്​. ബസ് കിട്ടാതെപോകുന്ന വിദ്യാർഥികൾ വീടുകളിൽ ഏറെ ​വൈകിയാണ്​ എത്തുന്നത്​. ഇതുസംബന്ധിച്ച്​ ആർ.ടി ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്​ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ച്​ പരിശോധന ആരംഭിച്ചത്​. കോവിഡ്​ ഇളവിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ബസുകളിൽ തിരക്ക്​ ഏറെയാണ്​. അതേസമയം, ബസുകളിൽ കയറ്റുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ്​ സ്വകാര്യ ബസുടമകളുടെയും സംഘടനകളുടെയും വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.