സ്കൂൾ മുറ്റം വീണ്ടും ഉണർന്നു; ഇനി മുഴുവൻ സമയം പഠിക്കാം

-സ്കൂൾ മുറ്റവും ക്ലാസ് മുറിയും പഴയപടിയായി ആലപ്പുഴ: 23 മാസത്തെ കാത്തിരിപ്പിനും ആശങ്കക്കും വിരാമമിട്ട്​ ​​മുഴുവൻ സമയം പഠിക്കാൻ അവസരമൊരുക്കി സ്കൂളുകൾ വീണ്ടുമുണർന്നു. പ്രീപ്രൈമറി മുതൽ പ്ലസ്​ ടുവരെയുള്ള കുട്ടിക്കൂട്ടങ്ങൾ തിങ്കളാഴ്ച ഒഴുകി​യെത്തിയതോടെ സ്കൂൾ മുറ്റവും ക്ലാസ് മുറിയും പഴയപടിയായി. ലോകമാതൃഭാഷ ദിനത്തി​ലെ പഠനം വിദ്യാർഥികൾ പ്രതിജ്ഞയെടുത്താണ്​ ആരംഭിച്ചത്​. ചിലയിടങ്ങളിൽ സ്കൂൾ അസംബ്ലി ചേർന്ന്​ പ്രതിജ്ഞചൊല്ലി. ജില്ലയിൽ മുഴുവൻ വിദ്യാലയങ്ങളിലും കളിചിരിയും ശബ്​ദകോലാഹങ്ങളും വീണ്ടും വന്നെത്തിയതിന്‍റെ സന്തോഷം വിദ്യാർഥികളിലും അധ്യാപകരിലും നിറഞ്ഞുനിന്നു. പ്രീപ്രൈമറി തലത്തിലുള്ള ചില സ്കൂളുകളിൽ കുരുന്നുകളു​ടെ പാട്ടും കലാപരിപാടികളും നടന്നു. നേരത്തേ ബാച്ചുതിരിച്ച്​ വേർപിരിച്ച കൂട്ടുകാർ ഒരേക്ലാസ്​ മുറിയിൽ വീണ്ടും ഒന്നിച്ചപ്പോൾ സമൂഹ അകലവും വഴിമാറി. ഉച്ചഭക്ഷണത്തിന്​ പുറത്തിറക്കിയപ്പോൾ കോവിഡ്​ മാനദണ്ഡവും കാറ്റിൽപറന്നു. എന്നാൽ, മാസ്ക്​ എല്ലാവരും ധരിച്ചിരുന്നു. പൂർണതോതിൽ സജ്ജമായ ആദ്യദിനം 90 ശതമാനമായിരുന്നു ഹാജർ നില. പനി, ജലദോഷം അടക്കമുള്ളവരും കോവിഡ്​ ബാധിച്ച വീടുകളിൽനിന്നുള്ള വിദ്യാർഥികളും സ്കൂളിൽ വരേണ്ടതില്ലെന്ന്​ പ്രത്യേക നിർദേശം നൽകിയിരുന്നു. മുഴുവൻ പഠനസമയത്തിനുള്ള ടൈംടേബിൾ നേരത്തേ ക്രമീകരിച്ചുനൽകി. ഇതനുസരിച്ചാണ്​ പുസ്തകവും ബാഗും കുടിവെള്ളവുമെല്ലാം കരുതി​ സ്കൂളി​ലെത്തിയത്​. നിരത്തുകളും ഏറെനാളുകൾക്കുശേഷം സജീവമായി. വാഹനത്തിരക്ക്​ ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കിനും ഇടയാക്കി. ​രാവിലെയും വൈകീട്ടുമാണ്​ തിരക്ക്​ ഏറെ അനുഭവപ്പെട്ടത്​. ചിലർ സ്വന്തം സൈക്കിളിലാണ്​ സ്കൂളിലെത്തിയത്​. ഓട്ടോയിൽ കുട്ടികളെ കുത്തിനിറക്കാതെ ഇരുത്തിയായിരുന്നു ഓട്ടം. സ്കൂളിനു​ സമീപത്തെ കച്ചവടസ്ഥാപനങ്ങളിലും തിരക്കായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.