മെഡിക്കല്‍ കോളജ് ആശുപത്രി സര്‍ജറി വിഭാഗത്തില്‍ പരിമിതികളേറെ

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ഇല്ല. ജീവനക്കാരുടെ കുറവുമൂലം ബൈപാസ് സര്‍ജറികളും ആഴ്ചയില്‍ രണ്ടുമാത്രം. ഈ വിഭാഗത്തില്‍ എത്തുന്ന രോഗികളെ മറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. അപ്പന്‍റിസൈറ്റിസ് ലക്ഷണങ്ങളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ 14കാരിക്ക് ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ഇല്ലാത്തതിന്‍റെ പേരിലാണ് കോട്ടയത്തേക്ക് പോകേണ്ടിവന്നത്. ആവശ്യമായ ജീവനക്കാരില്ലാത്തതിന്‍റെ പേരില്‍ ഓപണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയക്കും തടസ്സങ്ങളാണ്. വിദഗ്​ധരായ ഡോക്ടര്‍മാരുള്ള ഈ വിഭാഗത്തില്‍ നഴ്സസ്, പാരാമെഡിക്കല്‍ സ്റ്റാഫ്, അറ്റന്‍ഡര്‍മാരുടെ കുറവുകള്‍ പരിഹരിച്ചിട്ടില്ല. സ്റ്റാഫിന്‍റെ കുറവ് പരിഹരിക്കണമെന്ന നിര്‍​ദേശം ആശുപത്രി അധികൃതര്‍ നല്‍കിയിട്ടുണ്ടെങ്കിലും ആരോഗ്യവകുപ്പ് പരിഗണിച്ചിട്ടില്ല. ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം വര്‍ധിച്ച കാരണത്താല്‍ അടച്ചിടേണ്ടിവന്ന കാര്‍ഡിയോളജി സര്‍ജറി വിഭാഗം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ നൂറിലധികം പേര്‍ക്കാണ് ബൈപാസ് സര്‍ജറി നടത്താനുള്ളത്. അപസ്മാര ചികിത്സയില്‍ ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരം നേടിയ ഏക സര്‍ക്കാര്‍ ആശുപത്രിയാണിത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ഇവിടെ വിജയകരമായി നടത്തിയിട്ടുണ്ട്​. എന്നാല്‍, ആവശ്യമായ ജീവനക്കാരില്ലാത്തതിന്റെ പേരിൽ സാധാരണക്കാരായ നിരവധി പേരാണ് ഇപ്പോൾ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.