കാട്ടുപന്നികളുടെ വിളയാട്ടത്തിൽ കൃഷിനാശം; കൈമലർത്തി വനം, കൃഷി വകുപ്പുകൾ

ചാരുംമൂട്: മറ്റപ്പള്ളിയിൽ കാട്ടുപന്നി വിളയാട്ടത്തിൽ കൃഷിനാശമുണ്ടായ നൂറുകണക്കിന് കർഷകരെ വനം വകുപ്പ് കൈ​യൊഴിഞ്ഞതിന്​ പിന്നാലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സഹായം വാക്കുകളിൽ ഒതുക്കി. കാട്ടുപന്നി ആക്രമണത്തിൽ കൃഷി നശിപ്പിച്ച വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലെ കർഷകർക്ക് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ധനസഹായം നൽകണമെന്ന് കർഷകരുടെ ആവശ്യം. വനം വകുപ്പ് സഹായം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒരു രൂപപോലും ലഭിച്ചില്ല. ഈ സഹായവും നാമമാത്രമാണ്. സഹായത്തിന്​ അപേക്ഷ നൽകാൻ നിരവധി കർഷകർ അക്ഷയ കേന്ദ്രങ്ങളിലും മറ്റും പോയെങ്കിലും വനം വകുപ്പിന്റെ വെബ്സൈറ്റ് വഴി അ​പേക്ഷ നൽകാനായില്ല. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ആശ്വാസവാക്കുകൾ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്​. വിള ഇൻഷുറൻസ് ചെയ്ത കർഷകർക്ക് നഷ്ടപരിഹാരമായി ഇൻഷുറൻസ് തുക ലഭിക്കുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, ഭൂരിപക്ഷം കർഷകരും വിള ഇൻഷുർ ചെയ്തിട്ടില്ല. ഇക്കാരണത്താൽ സഹായവും ലഭിക്കില്ല. കൃഷി നശിച്ച കർഷകരുടെ കണക്കുകൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സർക്കാറിനും വനം വകുപ്പിനും നൽകിയിട്ടുണ്ട്. ജില്ലയിലെ പാലമേൽ, നൂറനാട്, താമരക്കുളം, ചെങ്ങന്നൂരിലെ മുളക്കഴ പഞ്ചായത്തുകളിലെ നൂറുകണക്കിന് കർഷകരുടെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓണക്കാലങ്ങളിൽ ഏറ്റവും കൂടുതൽ പച്ചക്കറികൾ ഉൽപാദിപ്പിച്ച്​ ഓണച്ചന്തകളിലേക്കും ഹോർട്ടികോർപ്പിലേക്കും നൽകുന്ന പ്രധാന പഞ്ചായത്താണ് പാലമേൽ. പച്ചക്കറികൾക്കൊപ്പം വിവിധ കാർഷിക ഇനങ്ങളും ഇവിടെ നിന്നാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഓണത്തിന് രണ്ടുമാസം മുമ്പ്​ കാട്ടുപന്നികൾ ഒന്നര കോടിയോളം രൂപയുടെ കാർഷികവിളകളും പച്ചക്കറികളുമാണ് പാലമേൽ പഞ്ചായത്തിൽ നശിപ്പിച്ചത്. ഇപ്പോഴും ഈ നശീകരണം തുടരുന്നു​. കാട്ടുപന്നികളെ നശിപ്പിക്കുമെന്ന് വനം വകുപ്പ് തുടരെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. കൃഷി നശിച്ച പല കർഷകരും കൃഷിയിൽനിന്ന് പിന്തിരിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന പലരും ഇനിയും കൃഷിക്കില്ലെന്ന നിലപാടിലാണ്. കാട്ടുപന്നി ശല്യത്തിലൂടെ ക‍ൃഷിനശിച്ച കർഷകർക്ക് സർക്കാർ മുൻകൈയെടുത്ത് പ്രത്യേക പാക്കേജുണ്ടാക്കി നഷ്ടപരിഹാരം നൽകണമെന്നാണ്​ ആവശ്യം. വിളവെടുക്കാറായതുൾപ്പെടെ കൃഷികളാണ് കഴിഞ്ഞ ദിവസവും കാട്ടുപന്നികൾ നശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.