മാവേലിക്കര: തെക്കേക്കര വാലില്‍ കോളനിവാസികള്‍ക്ക് ഇനി സ്വതന്ത്രമായി സഞ്ചരിക്കാം. സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ ഒരുവഴി എന്ന പതിറ്റാണ്ടുകളായുള്ള കോളനിവാസികളുടെ ആവശ്യം നടപ്പാക്കാൻ പഞ്ചായത്ത് മുൻകൈയെടുത്താണ് നടപടി സ്വീകരിച്ചത്. കോളനിയിലേക്ക് രണ്ടര മീറ്ററോളം വീതിയിലെ വഴിക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലം വാങ്ങി കഴിഞ്ഞ ദിവസം ആധാരം രജിസ്റ്റർ ചെയ്തു. തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പുത്തന്‍കുളങ്ങര വാര്‍ഡിലെ വാലില്‍ കോളനിയിലേക്ക് സഞ്ചാരയോഗ്യമായ വഴിയില്ലായിരുന്നു. ഇരുവശവും മതിലുകളാല്‍ മറയ്ക്കപ്പെട്ടതും ഇരുചക്രവാഹനംപോലും സഞ്ചരിക്കാന്‍ കഴിയാത്തതുമായ ഇടുങ്ങിയ നടപ്പാതയായിരുന്നു സഞ്ചാരമാര്‍ഗം. നടപ്പാതയുടെ ഇരുഭാഗത്തുമുള്ള ഭൂവുടമകളില്‍നിന്ന് സ്ഥലം വിലയ്ക്കുവാങ്ങി സഞ്ചാരയോഗ്യമായ വഴി നിര്‍മിക്കാന്‍ പഞ്ചായത്ത് ഭരണസമിതി വളരെക്കാലമായി ശ്രമിക്കുകയായിരുന്നു. 2019 നവംബര്‍ ഏഴിലെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം 30 ലക്ഷം രൂപ സ്ഥലം വാങ്ങാൻ വകയിരുത്തി. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പില്‍നിന്ന് ഭരണാനുമതിയും ലഭിച്ചു. സെന്റിന് 2,25,000 രൂപ വിലയുള്ളതായി റവന്യൂ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം 4,81 സെന്റ് ഭൂമിക്ക് 10,83,712 രൂപ കണക്കാക്കി, 54,185 രൂപ കണ്ടിൻജന്‍സി ചാര്‍ജായി ഗ്രാമപഞ്ചായത്ത് അടച്ചു. ജനുവരി 28 ന് സംയുക്ത പരിശോധനയും പൂര്‍ത്തീകരിച്ചു. വഴിയുടെ ഇരുവശവുമുള്ള വസ്തു ഉടമകൾ ഉള്‍പ്പെടുന്ന യോഗം വിളിച്ച് വസ്തു വിട്ടുനല്‍കാമെന്ന ഉറപ്പ് ഭൂവുടമകളില്‍നിന്ന് വാങ്ങി. എന്നാല്‍, പിന്നീട് ഒരു ഭൂവുടമ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലയ്ക്ക് ഭൂമി നല്‍കാന്‍ തയാറല്ലെന്ന് അറിയിച്ചു. 30 വര്‍ഷമായി പഞ്ചായത്ത് പരിഹരിക്കാന്‍ ശ്രമിക്കുന്ന ഈ വിഷയം പ്രക്ഷോഭത്തിലേക്ക് മാറുന്ന അവസ്ഥയിലാണെന്ന് ഗ്രാമപഞ്ചായത്ത് അംഗംകൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹന്‍കുമാര്‍ സബ്കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. 35ല്‍പരം പട്ടികജാതി കുടുംബാംഗങ്ങള്‍ക്ക് ആംബുലന്‍സ് കടന്നുചെല്ലുന്ന നിലയിലെങ്കിലും വഴി ലഭിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാല്‍, 64 മീറ്റര്‍ നീളത്തില്‍ മതില്‍ നിര്‍മിക്കാനുള്ള പണംകൂടി ലഭിച്ചെങ്കിലേ വസ്തു വിട്ടുനല്‍കൂ എന്ന കര്‍ക്കശ നിലപാടില്‍ ഒരാൾ ഉറച്ചുനിന്നു. ഒടുവിൽ പഞ്ചായത്ത് മുന്നോട്ടുവെച്ച നിര്‍ദേശ പ്രകാരമുള്ള ധാരണക്കൊപ്പംനിന്ന് ആളിൽനിന്ന് സ്ഥലം വാങ്ങാന്‍ പഞ്ചായത്ത് തീരുമാനിച്ചു. നഷ്ടപരിഹാര തുകയായ 10,06,000 രൂപ നിയമാനുസൃതം കൈമാറി വസ്തുവിന്റെ വിലയാധാരം നടത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ കമ്മിറ്റി ചുമതലപ്പെടുത്തി. വസ്തുവിന്റെ വിലയാധാരം കഴിഞ്ഞ ദിവസം മാവേലിക്കര സബ് രജിസ്ട്രാർ ഓഫിസിൽ നടന്നു. പഞ്ചായത്തിനുവേണ്ടി സെക്രട്ടറി എ.കെ. സിനി ആധാരം എഴുതിവാങ്ങി. സ്ഥലം പഞ്ചായത്ത് വാങ്ങിയതോടെ നിലവിൽ ഒരു മീറ്റർ വീതിയുള്ള വഴി രണ്ടര മീറ്റർ ആകും. റോഡ് വികസനത്തിനുള്ള നടപടി പഞ്ചായത്ത് നേരിട്ടു നടത്തുമെന്ന് പ്രസിഡന്‍റ് ഡോ. കെ. മോഹന്‍കുമാര്‍ പറഞ്ഞു ഫോട്ടോ: മാവേലിക്കര തെക്കേക്കര പഞ്ചായത്ത് വാലിൽ കോളനിയിലേക്ക് നിലവിലെ ഒരുമീറ്ററിൽ താഴെ മാത്രം വീതിയുള്ള വഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.