വയോധികയെ പീഡിപ്പിക്കാൻ ​ശ്രമിച്ച കേസിൽ പ്രതി​കളെ വെറുതെവിട്ടു

ആലപ്പുഴ: വീട്ടിൽ തനിച്ചുതാമസിച്ച വയോധികയെ ബലമായി മദ്യം കുടിപ്പിച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. കായംകുളം ചിറക്കടവ് മുറിയിൽ അലക്കൻതറ വീട്ടിൽ രമേശൻ (38), മാവേലിക്കര പാലമേൽ പണയിൽ ഭവനത്തിൽ പ്രമോദ്​ (42) എന്നിവരെയാണ്​ ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ. ഇജാസ്​ ​ വെറുതെ വിട്ടത്​. 2014 ഒക്​ടോബർ 22നാണ്​ കേസിനാസ്​പദമായ സംഭവം. 80കാരി ഉച്ചസമയം വീട്ടിൽ തനിച്ചാണെന്ന്​ മനസ്സിലാക്കിയ പ്രതികൾ ഓട്ടോയിൽ എത്തിയശേഷം അതിക്രമിച്ചുകയറി ബലമായി മദ്യം കുടിപ്പിച്ച്​ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈസമയം കരച്ചിലും ബഹളവും കേട്ട അയൽവാസികൾ ഓടിയെത്തിയപ്പോൾ ഓട്ടോ ഉപേക്ഷിച്ച്​ പ്രതികൾ രക്ഷപ്പെട്ടു. പിന്നീട്​ കായംകുളം റെയിൽവേ സ്​റ്റേഷൻ പരിസരത്തുവെച്ച്​ നാട്ടുകാർ പ്രതികളെ പിടികൂടി പൊലീസിൽ ഏൽപിച്ചുവെന്നാണ്​ പ്രോസിക്യൂഷൻ കേസ്​. മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ കായംകുളം പൊലീസാണ്​ പ്രതികളെ പിടികൂടിയത്​. മകൻ ഉൾപ്പെടെ എട്ട്​ സാക്ഷികളെയും വിസ്തരിച്ചു. എന്നാൽ, പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന്​ കണ്ടെത്തിയാണ്​ പ്രതികളെ വെറുതെ വിട്ടത്​. പ്രതികൾക്ക് വേണ്ടി അഡ്വ. പി.പി. ബൈജു, അഡ്വ. പി.എസ്​. സമീർ എന്നിവർ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.