പുളിങ്കുന്നിലെ മുൻ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഗുരുതര പരാമര്‍ശം

കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് മുന്‍ ഭരണ സമിതിക്കെതിരെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. 2018-19 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ ബജറ്റ്​ ഉൾപ്പെടെ തയാറാക്കിയെന്ന്​ ചൂണ്ടിക്കാട്ടുന്നത്​. ധനകാര്യസ്ഥിരം സമിതി നേതൃത്വത്തില്‍ ഘടക സ്ഥാപന മേധാവികളുടെ യോഗം ചേര്‍ന്ന് തയാറാക്കുന്ന ബജറ്റ്​ നിർദേശങ്ങളും നോണ്‍പ്ലാന്‍ നിർദേശങ്ങളും മറ്റ് സ്ഥിരം സമിതി നിർദേശങ്ങളും ഉൾപ്പെടുത്തി വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിച്ച് വേണം ബജറ്റ് രൂപവത്​കരിക്കാന്‍. എന്നാല്‍, ഘടകസ്ഥാപനങ്ങളുടെ യോഗം വിളിക്കുകയോ കണക്കുകള്‍ സ്വീകരിക്കുകയോ ചെയ്യാതെയാണ് ബജറ്റ് തയാറാക്കിയത്. അതിനാല്‍ യഥാർഥത്തിലുള്ള വരവുചെലവും ബജറ്റ് എസ്റ്റിമേറ്റും തമ്മില്‍ വളരെ അന്തരമുണ്ട്​. വികസനഫണ്ടിൽനിന്ന്​ മൂന്ന്​ ലക്ഷം രൂപ വകയിരുത്തി ഹോളോബ്രിക്സ് മാനുവൽ നിർമാണ യൂനിറ്റ് സ്ഥാപിക്കൽ പദ്ധതിയിൽ ആകെ 2,24,716 രൂപ ചെലവഴിച്ചിട്ടും പ്രവർത്തനം തുടങ്ങിയില്ല. കുടിവെള്ള ടാങ്ക് വിതരണ പദ്ധതിയിലും അപാകത ചൂണ്ടിക്കാണിക്കപ്പെടുന്നു. എസ്.സി വിദ്യാർഥികള്‍ക്കുള്ള പഠനമുറി പദ്ധതി, വീട് വാസയോഗ്യമാക്കല്‍ പദ്ധതികളുമായി ബന്ധപ്പെട്ടും അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. കുരുമുളക് തൈ വിതരണം ചെയ്ത പദ്ധതിയിലും അപാകത കണ്ടെത്തിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് പല രജിസ്റ്ററുകളും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പറയുന്നുണ്ടെങ്കിൽ എന്തെല്ലാം രേഖകൾ നഷ്ടപ്പെട്ടു എന്ന് ചർച്ചചെയ്യുകയോ അവ പുനർസൃഷ്ടിക്കുന്നതിനായി നടപടി എടുക്കുകയോ ചെയ്തിട്ടില്ലന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.