കളിപ്പാട്ടം പിടിക്കേണ്ട കൈകളിലൂടെ 'പ്രണയകഥ'; സംവിധായകയായി നാലാംക്ലാസുകാരി ഗായതി പ്രസാദ്​

ഷോട്ട്​ ഫിലിമിൽ കഥാപാത്രങ്ങളായി മാതാവ്​ കസ്തൂരിയും സഹോദരി ഗൗരിയും ആലപ്പുഴ: പൂക്കളുടെയും പൂമ്പാറ്റകളുടെയും ലോകത്ത് പാറിപ്പറക്കുന്ന ഒരു ഒമ്പതുവയസ്സുകാരിക്ക് പ്രണയത്തിന്‍റെ നിഗൂഢതകൾ മനസ്സിലാക്കാനാവുമോ? സാധിക്കുമെന്നാണ്​ ഗായതി പ്രസാദ്‌ എന്ന നാലാംക്ലാസുകാരി പറയുന്നത്. വളപ്പൊട്ടുകളുടെയും കളിപ്പാട്ടങ്ങളുടെയും ഇടയിൽനിന്ന് സംവിധായികയുടെ കുപ്പായം അണിയുന്ന ബാലിക ഇത്തരം ചോദ്യങ്ങൾക്ക്​ ഉത്തരം നൽകുന്നു. പെൺകുട്ടികൾക്ക്​ നേരെയുണ്ടാകുന്ന അതിക്രമത്തിൽ മനംനൊന്ത്​ മനസ്സിൽ കുറിച്ചിട്ട ആകുലതകളും ആശയങ്ങളും 18 മിനിറ്റ്​ നീളുന്ന 'പ്രണയാന്ധം' എന്ന ഷോട്ട്​ ഫിലിമിലൂടെ പകർത്തിയപ്പോൾ പിറവി​യെടുത്തത്​​ മറ്റൊരു പ്രണയകഥയാണ്​. രണ്ടുദിവസത്തെ സമയമെടുത്ത്​ പൂർത്തിയാക്കിയ ചിത്രത്തിന്‍റെ സംവിധാനത്തിനൊപ്പം തിരക്കഥയും ആശയവും ഉള്ളടക്കവു​മെല്ലാം ഒറ്റക്ക്​ സൃഷ്ടിച്ചെടുത്തതിന്‍റെ ത്രില്ലിലാണ്​ ഈ മിടുക്കി. ചുറ്റും നടക്കുന്ന കാര്യങ്ങളോട് ഒരു ചെറിയ പെൺകുട്ടിയുടെ പ്രതികരണമാണിത്​. യുവാവിന്‍റെയും യുവതിയുടെയും പ്രണയകഥ മനസ്സിൽ വരച്ചിട്ടാണ്​ ഓരോ രംഗവും ചിത്രീകരിച്ചത്​. പക്ഷിമൃഗാദികളു​ടെ കഥകൾ കേൾക്കാൻ താൽപര്യമുള്ള പ്രായത്തിൽ കാമറക്ക് പിന്നിൽനിന്ന് ആക്​ഷനും കട്ടും പറയുമ്പോൾ നേർത്ത ചിരിയായിരുന്നു മുഖമുദ്ര. ഗായതിയുടെ മാതാവ്​ കസ്തൂരി, സഹോദരി ഗൗരി, അവളുടെ കൂട്ടുകാരികളായ അബി ബാഷ, ആലിയ, പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മിനിമോൾ, അയ്യപ്പൻ, സുരേഷ്​ എന്നിവരാണ്​ പ്രധാന കഥാപാത്രങ്ങൾ. അഭിനയകല വശമില്ലാത്ത കസ്തൂരി സിനിമയിൽ നായികയുടെ അമ്മയായാണ്​ വേഷമിടുന്നത്​. ഗൗരിയാകട്ടെ നായികയുടെ കൂട്ടുകാരിയായും​. വീട്ടിലും പരിസരത്തും സമീപത്തെ പറവൂർ സ്കൂളിലും ചിത്രീകരിച്ച സിനിമയുടെ ഫൈനൽ എഡിറ്റിങ്​ മാത്രമാണ്​ ബാക്കിയുള്ളത്​. മാർച്ച്​ എട്ടിന്​ ലോക വനിതദിനത്തിൽ റിലീസ്​ ചെയ്യും. പഠനം ഓൺലൈനിലേക്ക്​ ചുരുങ്ങിയതോടെ കിട്ടിയ അവസരം ഉപയോഗിച്ചായിരുന്നു സിനിമപിടിത്തം. വായനയും എഴുത്തും ശീലമാക്കിയ ഗായതി നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്​. അവ കോർത്തിണക്കി പുസ്തകമാക്കണമെന്നതാണ്​ അടുത്ത ആഗ്രഹം. പറവൂർ പബ്ലിക്​ ലൈബ്രറിയിൽ അംഗത്വവുമുണ്ട്​. കോട്ടയം പാലായിൽ കാമ്പസിൽ പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത്​ കൊന്ന സംഭവത്തിന്‍റെ പിരിമുറക്കമാണ്​ ഇത്തരം ചിന്തകൾക്ക്​ വഴിതുറന്നത്​. സിനിമ പിടിക്കണം എന്ന് പറഞ്ഞപ്പോൾ തമാശയായി മാത്രമാണ് കണക്കാക്കിയതെന്ന്​ മാതാവ്​ കസ്തൂരി 'മാധ്യമ'ത്തോട്​ പറഞ്ഞു. തനിക്ക്​ അഭിമാനം തോന്നിയത് അവൾ തെരഞ്ഞെടുത്ത വിഷയത്തിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആലപ്പുഴ കളർകോട്​ പവിത്രം വീട്ടിലാണ്​ താമസം. പിതാവ് ഗിരി പ്രസാദ്​ ആലപ്പുഴ ഗവ. സർവന്‍റ്​സ്​ കോഓപറേറ്റിവ്​ ബാങ്ക്​ ജീവനക്കാരനും മാതാവ്​ കുടുംബശ്രീ ജില്ലമിഷൻ കമ്യൂണിറ്റി കൗൺസിലറുമാണ്​. ഗൗരി​ പ്രസാദ്​ അറവുകാട്​ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്​വൺ വിദ്യാർഥിയാണ്​. പി.എസ്​. താജുദ്ദീൻ APG gayathi ഷോട്ട്​ ഫിലിം ചിത്രീകരണത്തിനിടെ ആക്​ഷനും കട്ടും പറയുന്ന കുട്ടിസംവിധായക ഗായതി പ്രസാദ്​ APG gayathi 2 ചിത്രീകരണത്തിനിടെ അഭിനേതാക്കൾക്കും സഹപ്രവർത്തകർക്കും നിർദേശം നൽകുന്ന ഗായതി പ്രസാദ്​ APG pranayandam നാലാംക്ലാസുകാരി ഗായതി പ്രസാദ്​ സംവിധായകയായ 'പ്രണയാന്ധം' ഷോട്ട്​ ഫിലിം പോസ്റ്റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.