ഊന്നിവലകൾ ഊരിയെറിഞ്ഞ്​ വഴിയൊരുക്കി; പക്ഷെ, വന്നില്ല ദേശീയ ജലപാത

അരൂർ: കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ജലപാത 1993ൽ ദേശീയ ജലപാതയായി പ്രഖ്യാപിച്ചെങ്കിലും പൂർത്തിയായിട്ടില്ല ഇപ്പോഴും. 1956ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തില്‍ പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്ന പ്രമേയത്തില്‍ അവതരിപ്പിക്കപ്പെട്ട ആശയമാണ് ദേശീയ ജലപാത​. അന്നുമുതൽ ഇന്നുവരെ എല്ലാ സർക്കാറും അവരുടെ വികസന അജണ്ടയിൽ ഈ പദ്ധതി ഉൾപ്പെടുത്തി. 1993ൽ ദേശീയ ജലപാത പ്രഖ്യാപിച്ചത്​ മുതൽ അരൂർ മണ്ഡലത്തിലെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായത്​ മിച്ചം. കൊച്ചിയും തിരുവിതാംകൂറും രണ്ട് നാട്ടുരാജ്യങ്ങളായി നിലനിന്ന കാലംമുതൽ വേമ്പനാട്ടുകായലും കൊച്ചി കായലും കൈതപ്പുഴ കായലിലുമായി പരന്നുകിടന്ന കായൽ പ്രദേശങ്ങളിൽ ഇവിടങ്ങളിലെ പ്രധാന മത്സ്യബന്ധന ഉപകരണമായ ഊന്നിക്കുറ്റികൾ തറച്ചാണ് മത്സ്യബന്ധനം നടത്തിയിരുന്നത്. ദേശീയ ജലപാത കടന്നുപോകുന്ന അരൂർ മണ്ഡലത്തിലെ കായലുകളിൽ തറച്ചിരുന്ന ഊന്നിവലകൾ നീക്കം ചെയ്യണമെന്നായിരുന്നു ആദ്യ മുന്നറിയിപ്പ്. അരൂർ മണ്ഡലത്തിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് മത്സ്യബന്ധനം മുഖ്യഉപജീവനം ആക്കിയിരിക്കുന്നത്. ലൈസൻസുള്ളതും ലൈസൻസ് ഇല്ലാത്തതുമായ നിരവധി ഊന്നിക്കുറ്റികൾ കായലിൽ നിലവിലുണ്ടായിരുന്നു. ഫിഷറീസ് വകുപ്പിന്‍റെ മുന്നറിയിപ്പ്​ മറികടന്ന് അധികനാൾ ഊന്നിക്കുറ്റികൾക്ക് കായലിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. നൂറുകണക്കിന് കുറ്റികളാണ് ഒടുവിൽ അധികൃതർ ഊരിയെറിഞ്ഞത്. ലൈസൻസുള്ള വലകൾക്കുമാത്രം നഷ്ടപരിഹാരത്തുക ലഭിച്ചു. അനധികൃതമായി മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്നവർ പട്ടിണിയിലുമായി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജലപാത യാഥാർഥ്യമായതുമില്ല. ദേശീയ ജലപാതക്ക് റൂട്ട് ഒരുക്കാൻ സ്ഥാപിച്ചിരുന്ന ബോയകൾ ഊരിത്തെറിച്ചും ഒഴുകിയും നഷ്ടപ്പെട്ടുകിടക്കുകയാണ്. ജലപാതക്ക്​ പാതയൊരുക്കിയ പലസ്ഥലങ്ങളിലും എക്കലും മണ്ണും അടിഞ്ഞ്​ നികന്നു. ഇനിയും അവയൊക്കെ ജലപാതയാക്കാൻ ഏറെ പണിപ്പെടേണ്ടിവരും. ഇതിനായി പരിശ്രമിച്ച്​ ഓടിനടന്ന ഉദ്യോഗസ്ഥരെ കായൽ പ്രദേശങ്ങളിൽ കാണാനില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തെരഞ്ഞെടുപ്പുകൾക്ക്​ മുന്നോടിയായി ജലപാതയുടെ ഉദ്ഘാടനം സംഘടിപ്പിക്കുന്ന ചടങ്ങ്​ മാത്രം. വാണിജ്യ കേന്ദ്രമായ കൊച്ചിയുമായി ചരക്കുകടത്തിന് ബാർജുകൾ കായലിലൂടെ ഒഴുകുന്നത്​ ഇപ്പോഴും സ്വപ്നത്തിൽ മാത്രം. അരൂർ മേഖല ഇനിയും കാത്തിരിക്കുകയാണ് ചരക്കുനീക്കത്തിന് മാത്രമല്ല ടൂറിസത്തിനും ഗതാഗതത്തിനും വായുമലിനീകരണം ഇല്ലാത്ത ഗതാഗത വികസനത്തിനും ദേശീയജലപാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ. ജില്ലയില്‍ 567 പേര്‍ക്കുകൂടി കോവിഡ് ആലപ്പുഴ: ജില്ലയില്‍ 567 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തുനിന്ന്​ എത്തിയതാണ്. 520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 37 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1360 പേര്‍ രോഗമുക്തരായി. നിലവില്‍ 5536 പേര്‍ ചികിത്സയില്‍ കഴിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.