തീരസംരക്ഷണത്തോട്​ മുഖംതിരിച്ച്​ കിഫ്​ബി

-പദ്ധതികളിൽ ആറാട്ടുപുഴയെ അവഗണിക്കുന്നതായി ആക്ഷേപം, പ്രക്ഷോഭത്തിന്​ ഒരുക്കം ആറാട്ടുപുഴ: പതിറ്റാണ്ടുകളായി കടലാക്രമണത്തിന്‍റെ ദുരിതംപേറുന്ന പ്രദേശത്തെ തീരസംരക്ഷണ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ സർക്കാർ തുടർച്ചയായി അവഗണിക്കുന്നതായി ആക്ഷേപം. ആറാട്ടുപുഴ പഞ്ചായത്ത് 16, 17, 18 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളെയാണ് തീരസംരക്ഷണ പ്രവർത്തനങ്ങളിൽ സർക്കാർ അവഗണിക്കുന്നത്. കഴിഞ്ഞ ദിവസം കിഫ്ബി പദ്ധതിയിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചപ്പോഴും ഈ പ്രദേശത്തെ പരിഗണിച്ചില്ല. സർക്കാർ അവഗണനക്കെതിരെ തീരത്ത് പ്രതിഷേധം ശക്തമാവുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ തീരം സംരക്ഷിക്കേണ്ട പ്രദേശങ്ങളിലൊന്നാണിത്. എം.ഇ.എസ് ജങ്ഷന്‍റെ പടിഞ്ഞാറ് ഭാഗത്താണ് കൂടുതൽ അപകടാവസ്ഥ. നാലുപതിറ്റാണ്ട് മുമ്പ് ഇവിടെ നിർമിച്ച കടൽഭിത്തി പൂർണമായും മണ്ണിനടിയിലാണ്. കഴിഞ്ഞ കാലങ്ങളിലുണ്ടായ കടലാക്രമണങ്ങളിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഇവിടെ തീരദേശ റോഡും കടലും തമ്മിൽ ചുവടുകളുടെ അകലമാണുള്ളത്. കടൽഭിത്തി ദുർബലമായതോടെ കടൽ ചെറുതായൊന്ന് ഇളകുമ്പോൾതന്നെ റോഡ് കവിഞ്ഞ് വെള്ളം കുത്തി കിഴക്കോട്ട് ഒഴുകുന്ന സ്ഥിതിയാണുള്ളത്. കടലുമായി 20 മീ. മാത്രം അകലത്തിലാണ് പടിഞ്ഞാറേ ജുമാമസ്ജിദും ഖബർസ്ഥാനും സ്ഥിതിചെയ്യുന്നത്. യൂനിയൻ ബാങ്കും കെ.എസ്.ഇ.ബി സെക്​ഷൻ ഓഫിസും പ്രവർത്തിക്കുന്നത് കടലിന്​ അടുത്തുള്ള എം.ഇ. എസിന്‍റെ കെട്ടിടത്തിലാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളിലുണ്ടായ കടലാക്രമണങ്ങളിൽ വലിയ നാശനഷ്ടമാണ് ഇവിടെയുണ്ടായത്. ജനപ്രതിനിധികൾ നേരിട്ടെത്തി പ്രദേശത്തിന്‍റെ അപകടാവസ്ഥ ബോധ്യപ്പെട്ടെങ്കിലും തീരം സംരക്ഷിക്കാൻ താൽക്കാലിക സംവിധാനംപോലും ഒരുക്കിയിട്ടില്ല. ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയപ്പോൾ ഉടൻ പരിഗണിക്കാമെന്നാണ്​ ഉറപ്പ് നൽകിയത്. എന്നാൽ, കിഫ്ബി പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ നല്ലാണിക്കൽ പ്രദേശത്തെ മാത്രമാണ് തെരഞ്ഞെടുത്തത്. പ്രഖ്യാപനം നാട്ടുകാരെ നിരാശപ്പെടുത്തി. സർക്കാർ പ്രദേശവാസികളെ വഞ്ചിച്ചെന്നാരോപിച്ച്​ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.