ആലപ്പുഴ: ഉയരക്കുറവ് ചൂണ്ടിക്കാട്ടി എ.സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻെറ നിർമാണം നിർത്തിവെപ്പിച്ചു. ദേശീയ ഉൾനാടൻ ജലഗതാഗത വകുപ്പിൻെറ ഉത്തരവിനെത്തുടർന്നാണ് പൈലിങ് അടക്കം പണി അടിയന്തരമായി നിർത്തിയത്. ദേശീയ ജലപാതയായ പമ്പാനദിക്ക് മുകളിലൂടെയാണ് പാലം പണിയുന്നത്. ഇവിടെ ഉയരത്തിൻെറയും വീതിയുടെയും മാനദണ്ഡം കൃത്യമായി പാലിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പാലം പൊളിക്കാതെ വീതികൂട്ടാനായി മറ്റൊരു പാലം നിർമിക്കുകയാണ് ചെയ്യുന്നത്. പഴയ പാലത്തിന്റെ അതേ വീതിയിലും നീളത്തിലുമാണ് പുതിയതിൻെറ രൂപരേഖ തയാറാക്കിയത്. ദേശീയ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ചട്ടപ്രകാരം കൂടിയ ജലനിരപ്പിൽനിന്ന് പാലത്തിന് ആറുമീറ്റർ ഉയരമാണുവേണ്ടത്. പുതിയ പാലത്തിന്റെ രൂപരേഖ പഴയ പാലത്തിന്റേതിന് സമാനമായി അഞ്ചുമീറ്റർ ഉയരത്തിലാണ് തയാറാക്കിയത്. പാലത്തിലെ രണ്ടുതൂണുകൾ തമ്മിലെ അകലം 50 മീറ്റർ വേണമെന്നുണ്ട്. വലിയ യാനങ്ങൾ പോകാൻ വേണ്ടിയാണ് ഈ അകലം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പഴയ പാലത്തിൻെറ തൂണുകൾ തമ്മിൽ 36 മീറ്റർ മാത്രമാണ് അകലം. ഏഴു സ്പാൻ ആറു തൂണിൽ നിർത്തിയാണ് പാലം നിർമിച്ചിരിക്കുന്നത്. പുതിയ പാലത്തിലും ഇതുതന്നെയാണ് പിന്തുടർന്നത്. 1986ലാണ് പള്ളാത്തുരുത്തി പാലം പണിതത്. ഇതിനുശേഷമാണ് ഏകീകൃത മാനദണ്ഡങ്ങളോടെ ചട്ടങ്ങൾ തീരുമാനിക്കുന്നതും. ഇതാണ് പള്ളാത്തുരുത്തി പുതിയ പാലംപണിക്ക് വിനയായത്. കിടങ്ങറയിലും നെടുമുടിയിലുമാണ് പള്ളാത്തുരുത്തിയിലേത് കൂടാതെ വലിയ പാലങ്ങളുള്ളത്. ഇത് ദേശീയജലപാതക്ക് മുകളിലൂടെയല്ലാത്തതിനാൽ നിർമാണം തടസ്സപ്പെട്ടിട്ടില്ല. നിർമാണം തടഞ്ഞതോടെ പള്ളാത്തുരുത്തി പാലത്തിനായി പുതിയ രൂപരേഖ തയാറാക്കുന്നതിന് നടപടി തുടങ്ങി. കെ.എസ്.ടി.പി നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് 10 ദിവസത്തിനകം രൂപരേഖ തയാറാക്കുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് അംഗീകാരം നേടി നിർമാണമാരംഭിക്കും. പാലത്തിന്റെ ഉയരം കൂടുന്നതോടെ അനുബന്ധപാതയുടെ നീളവും ഉയരവും വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.