സി.പി.എം: ജില്ലയിൽ പ്രതിനിധി സമ്മേളനം മാത്രം

പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവയടക്കം ഒഴിവാക്കും ആലപ്പുഴ: കോവിഡ്​ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ല സമ്മേളനം പ്രതിനിധി സമ്മേളനം മാത്രമാക്കി ചുരുക്കാൻ സി.പി.എം തീരുമാനം. രാഷ്ട്രീയ തിരുവാതിരയടക്കം കൂട്ടംചേരലുകൾക്ക്​ ഇടംനൽകുന്നതൊക്കെ ഒഴിവാക്കാനാണ്​ തിരുവനന്തപുരം അടക്കം ജില്ല സമ്മേളനങ്ങളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല കമ്മിറ്റി-സെക്രട്ടേറിയറ്റ്​ യോഗത്തിന്‍റെ തീരുമാനം. കോവിഡ്​ പശ്ചാത്തലത്തിൽ സി.പി.ഐ അടക്കം പാർട്ടികൾ പരിപാടികളൊക്കെ മാറ്റിയതും കണക്കിലെടുത്തിട്ടുണ്ട്​. വളന്‍റിയർ മാർച്ച്​, പതാക, കൊടിമര ജാഥ, പൊതുസമ്മേളനം, സെമിനാറുകൾ, കലാപരിപാടികൾ എന്നിവയൊക്കെ ഒഴിവാക്കും. 28, 29, 30 തീയതികളിൽ​ കണിച്ചുകുളങ്ങരയിലാണ്​ ജില്ല സമ്മേളനം. ബുധനാഴ്​ച ചേർന്ന ജില്ല കമ്മിറ്റി-സെക്രട്ടേറിയറ്റ്​ യോഗങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്​ അംഗീകാരം നൽകി. ജില്ലയിലെ പല കമ്മിറ്റിയിലും പ്രാദേശികമായി വിഭാഗീയത നിലനിൽക്കുന്നതായി​ ​ റിപ്പോർട്ടിൽ പരാമർശമു​ണ്ടെന്നാണ്​ വിവരം. ആലപ്പുഴ മുതൽ തെക്കോട്ടുള്ള പല ഏരിയ സമ്മേളനങ്ങളിലും കമ്മിറ്റി തെരഞ്ഞെടുപ്പ്​ മത്സരത്തിലേക്ക്​ നീങ്ങിയത്​ വിഭാഗീയ പ്രവർത്തനത്തിന്‍റെ ഫലമാണ്​. കുട്ടനാട്ടിലടക്കം കേന്ദ്രമാനദണ്ഡങ്ങളുടെ പരസ്യലംഘനം ഉണ്ടായതായും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘങ്ങളിലെ പാർട്ടി അംഗങ്ങളായ ജീവനക്കാർക്ക്​ കടുത്ത നിയന്ത്രണം വേണമെന്നതടക്കം നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്​. പ്രതിനിധി സമ്മേളനം പൂർണമായും കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാകുമെന്ന്​ ജില്ല സെക്രട്ടറി ആർ. നാസർ വാർത്തക്കുറിപ്പിൽ അറിയിച്ചു. റവന്യൂ വകുപ്പിലെ സ്ഥലംമാറ്റം: സി.പി.ഐ യൂനിയനെതിരെ എൻ.ജി.ഒ യൂനിയൻ ആലപ്പുഴ: സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പിൽ മാനദണ്ഡ വിരുദ്ധമായി സ്ഥലംമാറ്റം നടത്തുന്നെന്ന്​ ആരോപിച്ച് എൻ.ജി.ഒ യൂനിയൻ രംഗത്ത്​. സി.പി.ഐയുടെ സർവിസ്​ സംഘടനയായ ജോയന്‍റ്​ കൗൺസിൽ ഇടപെട്ട്​ നടത്തുന്ന സ്ഥലംമാറ്റങ്ങൾ സി.പി.എം അനുകൂല സംഘടനയായ എൻ.ജി.ഒ യൂനിയന്‍റെ പ്രവർത്തകരെ ഉപദ്രവിക്കുന്ന തരത്തിലാകുന്നെന്നാണ്​ കുറ്റപ്പെടുത്തൽ. എന്നാൽ, ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ജോയന്റ് കൗൺസിൽ. സ്ഥലംമാറ്റം ഉണ്ടായിട്ടും ചട്ടവിരുദ്ധമായി കലക്ടറേറ്റിൽ വർഷങ്ങളായി തുടരുന്നവരാണ് ഇത്തരം സമരങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ്​ ജോയന്റ് കൗൺസിൽ പറയുന്നത്​. സ്ഥാനക്കയറ്റം വേണ്ടെന്നു എഴുതിനൽകി കലക്ടറേറ്റിൽ തുടരുന്ന എൻ.ജി.ഒ യൂനിയൻ നേതാവ് മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം ആവശ്യപ്പെട്ടതായും ജോയന്‍റ്​ കൗൺസിൽ ആരോപിക്കുന്നു. എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനധികൃത സ്ഥലംമാറ്റത്തിനെതിരെ കഴിഞ്ഞദിവസം കലക്​ട്രേറ്റിന്​ മുന്നിൽ സമരം നടത്തിയിരുന്നു. യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എസ്. ശ്രീകുമാർ, സെക്രട്ടറി പി.സി. ശ്രീകുമാർ, സംസ്ഥാന സമിതിയംഗം എൽ. മായ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.