ടെൻഡർ നടപടി വൈകിയതിനാൽ ലാഭകരമാകില്ലെന്ന് കരാറുകാർ മാന്നാർ: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്) പദ്ധതിയിൽ കരാറുകാർ ഏറ്റെടുക്കാത്തതിനാൽ റോഡുകൾ തകർന്ന നിലയിൽ. മാന്നാറിൽ അഞ്ചുകിലോമീറ്റർ വരുന്ന നാല് ഗ്രാമീണ റോഡുകളാണ് പി.എം.ജി.എസ് പദ്ധതിയിൽ നിർമിക്കുന്നത്. ഇതിന് 2.76 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നവംബർ 15ന് ടെൻഡർ വിളിച്ചെങ്കിലും റോഡ് പണി ഏറ്റെടുക്കാൻ ആരുമെത്തിയില്ല. തുടർന്ന് വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ്. 13 ആണ് അവസാന തീയതി. അധികൃതരുടെ അലംഭാവം മൂലം ഫണ്ട് അനുവദിച്ച് നാലുവർഷത്തിനുശേഷമാണ് ടെൻഡർ നടപടിതന്നെ. അതിനാൽ വർക്ക് ലാഭകരമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാറുകാർ താൽപര്യം കാണിക്കാത്തത്. 2016ലെ നിരക്കിലാണ് ടെൻഡർ വിളിച്ചിട്ടുള്ളത്. റോഡ് നിർമാണം റിങ്‌റോഡ് ശൈലിയിലാണ്. ഒരിടത്തുനിന്ന് ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. പുത്തൻകുളങ്ങര വായനശാല ജങ്‌ഷനിൽനിന്ന് കിഴക്കോട്ട് വലിയകുളങ്ങരവഴി എണ്ണക്കാട്-കുട്ടമ്പേരൂർ റോഡിൽ ഗുരുതിയിൽമുക്ക് വരെ വരുന്ന ആദ്യഭാഗവും ഗുരുതിയിൽ മുക്കിൽനിന്ന് മിൽമ ജങ്‌ഷൻ കുന്നത്തൂർക്ഷേത്രം വരെ രണ്ടാംഭാഗവും കുന്നത്തൂർക്ഷേത്രം പീടികമുക്കുമുതൽ വടക്കോട്ട് മണലിക്കുളങ്ങര ഭാഗംവഴി ചാങ്ങേൽമുക്ക് നാലേകാട്ടിൽ ക്ഷേത്രജങ്‌ഷൻ- മുളവനേത്ത് ജങ്‌ഷൻവരെ മൂന്നാംഭാഗവും എണ്ണക്കാട്- കുട്ടമ്പേരൂർ റോഡിൽ കോയിക്കൽമുക്കിന് കിഴക്കുനിന്ന് തെക്കോട്ട് പാലുവിള ജങ്‌ഷൻ വഴി അടുക്കളമുക്കുവരെയുള്ള നാലാംഭാഗവും ആണ് പദ്ധതിയിൽ നിർമിക്കുന്നത്. ഇതിൽ മിക്ക റോഡുകളും തകർന്നുകിടക്കുകയാണ്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡുകളാണിവ. ഈ പദ്ധതിയിലുൾപ്പെടുത്തിയ നാലേകാട്ടിൽ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡാണ് പഞ്ചായത്തിലെ ഏറ്റവും തകർന്ന റോഡ്. നടപടിയെടുക്കാതെ ഭരണക്കാർ തട്ടിക്കളിച്ചാണ് ഈ പരുവത്തിലായത്. മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പ്രളയഫണ്ടിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കാൻ 10 ലക്ഷം രൂപ അനുവദിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. എം.എൽ.എ ഫണ്ടിൽനിന്ന് പണം അനുവദിപ്പിച്ച് റോഡ് നന്നാക്കുമെന്നായിരുന്നു നിലപാട്. എന്നാൽ ഇതുണ്ടായില്ല. ഫണ്ട് വന്നില്ലെന്ന് മാത്രമല്ല പി.എം.ജി.എസ്.വൈ പദ്ധതിക്ക് റോഡ് കൈമാറുകയും ചെയ്തു. പ്രളയത്തിൽ റോഡ് കൂടുതൽ കുളമായപ്പോൾ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് തകർന്നഭാഗം മാത്രം രണ്ടുലക്ഷം മുടക്കി നന്നാക്കുമെന്ന് ഉറപ്പുനൽകി. ഇതും പാലിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.