കായംകുളത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ എം. ലിജുവിന്റെ ആഹ്ലാദ പ്രകടനം
കായംകുളം: രണ്ട് പതിറ്റാണ്ടത്തെ ഇടത് കുത്തക തകർത്ത് കായംകുളത്ത് യു.ഡി.എഫിന് അട്ടിമറി ജയം. കോൺഗ്രസിലെ എം. ലിജു സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ.എ യു. പ്രതിഭയെ 15,000 വോട്ടിന് പരാജയപ്പെടുത്തിയത് മധുര പ്രതികാരം കൂടിയായി. 2016 ൽ കന്നി മത്സരത്തിൽ പ്രതിഭയോട് 12,000 ഓളം വോട്ടിന് ലിജു പരായപ്പെട്ടിരുന്നു. പിന്നീട് അമ്പലപ്പുഴയിൽ കേന്ദ്രീകരിച്ച ലിജു ഇത്തവണ അപ്രതീക്ഷിതമായാണ് കായംകുളത്ത് മത്സരത്തിന് എത്തിയത്. അവസാനഘട്ടത്തിൽ എത്തിയ സ്ഥാനാർഥിയായിട്ടും മൂന്നുതവണ നേരിട്ട പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നടത്തിയ പ്രവർത്തനങ്ങളാണ് ലിജുവിന് നേട്ടമായത്. ഇടതുപക്ഷം ഏറെ പ്രതീക്ഷ പുലർത്തിയ കേന്ദ്രങ്ങളിൽ വരെ വൻമുന്നേറ്റം യു.ഡി.എഫ് കാഴ്ചവെച്ചെന്നതും ശ്രദ്ധേയമായി. പാർട്ടിയിലെ പടലപ്പിണക്കങ്ങളും ദേശീയപാത വികസന വിഷയത്തിലെ നിലപാടുകളും ഹാട്രിക് വിജയം പ്രതീക്ഷിച്ച പ്രതിഭക്ക് തിരിച്ചടിയായതായി ചൂണ്ടികാട്ടുന്നു.
പ്രതിഭ ഏറെ പ്രതീക്ഷ പുലർത്തിയ ഇടത് കോട്ടകളായ പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകൾ വരെ കൈവിട്ടു. ആദ്യ റൗണ്ടുകളിൽ എണ്ണിയ രണ്ട് പഞ്ചായത്തുകളിലും ലിജു മുന്നിൽ എത്തിയതോടെ തുടക്കത്തിലേ ഇടത് ക്യാമ്പ് നിരാശയിലായി. രണ്ടിടത്തുമായി നാലായിരത്തിൽ കുറയാതെ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു ഇടതുപക്ഷ വിലയിരുത്തൽ. ഇവിടെ യു.ഡി.എഫിനെ തുണച്ചതിനൊപ്പം നഗരവും ഭരണിക്കാവ്, കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂർ പഞ്ചായത്തുകളിലും വലിയ നേട്ടം കൊയ്യാനും ലിജുവിനായി. ഇതിൽ നഗരവും കൃഷ്ണപുരവും ഒഴികെ എല്ലാ പഞ്ചായത്തുകളും ഇടതുപക്ഷമാണ് ഭരിക്കുന്നത്. നഗരം ഉൾപ്പടെ എല്ലായിടത്തും മുന്നിലെത്തുമെന്ന സി.പി.എം കണക്കുകളെ തെറ്റിക്കുന്ന തരത്തിൽ സ്വന്തം പാളയത്തിൽ ചോർച്ച സംഭവിച്ചതായാണ് വിലയിരുത്തുന്നത്.
പാർട്ടിയിലെ ഒരു വിഭാഗവും പ്രതിഭയും തമ്മിൽ കഴിഞ്ഞ 10 വർഷമായി നിലനിന്ന വിഷയങ്ങൾ ഇത്തവണ കാര്യമായി പ്രതിഫലിച്ചതായാണ് സൂചന. പത്തിയൂരിലെ വോട്ട് ചോർച്ച ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിയൂരിൽ എൻ.ഡി.എ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മറികടന്നിരുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സംഭവിച്ച വീഴ്ചകൾ വോട്ടിംഗിൽ പ്രതിഫലിച്ചതായാണ് പറയുന്നത്. അതോടൊപ്പം പരസ്യമായി ഒപ്പംനിന്ന പലരും വോട്ടിംഗിൽ യു.ഡി.എഫിന് മറിച്ചുകുത്തിയെന്ന പ്രചാരണം വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്ക് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.