ഡീസൽ ക്ഷാമം വീണ്ടും: കെ.എസ്​.ആർ.ടി.സി സർവിസ്​ താളംതെറ്റി

-ആലപ്പുഴ ഡിപ്പോയിൽ പമ്പ്​ തകരാറിലായി; ട്രിപ്പുകൾ വൈകി ആലപ്പുഴ: ഡീസൽ ക്ഷാമത്തിൽ ജില്ലയിലെ കെ.എസ്​.ആർ.ടി.സി സർവിസ്​ താളംതെറ്റി. തിരക്കേറിയ ശനിയാഴ്ച രാവിലെയാണ്​ പലയിടത്തും ഡീസൽ എത്തിയത്​. ഇത്​ പല ട്രിപ്പുകളും വൈകാൻ​ കാരണമായി. ​​​​ആലപ്പുഴ ഡിപ്പോയിലെ പമ്പിലെ നോസ്​​ തകരാറിലായതും സർവിസിനെ കാര്യമായി ബാധിച്ചു. ശനിയാഴ്ച രാവിലെ 12,000 ലിറ്റർ ഡീസലാണ്​ ആലപ്പുഴ ഡിപ്പോയിൽ എത്തിയത്​. തുടർന്ന്​ പമ്പിൽനിന്ന്​ ബസുകളിലേക്ക്​ ഇന്ധനം നിറക്കുന്നതിനി​ടെ നോസിന്​ തകരാറുണ്ടായി. ഇത്​ ഏറെനേരം പ്രതിസന്ധി സൃഷ്ടിച്ചു. ബസുകൾ ചേർത്തല ഡിപ്പോയിൽ എത്തിച്ചാണ്​ ഡീസൽ നിറച്ചത്​. ഇത്​ സമയനഷ്ടത്തിനും ട്രിപ്​ വൈകലിനും കാരണമായി. ആലപ്പുഴ ഡിപ്പോയിൽ 64 സർവിസാണ്​ നടത്തുന്നത്​. ദിനംപ്രതി 5,000 ലിറ്റർ വേണ്ടിവരും. നിലവിൽ രണ്ടുദിവസത്തെ ഉപയോഗത്തിനുള്ള ഡീസൽ സ്റ്റോക്കുണ്ടെന്ന്​ അധികൃതർ പറഞ്ഞു. എന്നാൽ, ശനിയാഴ്ചയും തിങ്കളാഴ്ചയും കൂടുതൽ സർവിസുകൾ നടത്തുമ്പോൾ വീണ്ടും പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുണ്ട്​. ദീർഘദൂര സർവിസടക്കം വൈകിയത്​ യാത്രക്കാരെ ഏറെ വലച്ചു. വെള്ളിയാഴ്ച രാത്രി പലയിടത്തും ഡീസൽ തീർന്നിരുന്നു. പല ബസുകളും പകുതി ഡീസൽ നിറച്ചാണ്​ ഓടിയത്​. ചില ഡിപ്പോയിലെ പമ്പുകൾക്ക്​ മുന്നിൽ ഡീസൽ തീർന്നുവെന്ന ബോർഡും സ്ഥാപിച്ചു. മറ്റ്​ ഡിപ്പോകളെ ആശ്രയിച്ചാണ്​ സർവിസുകൾ പൂർത്തിയാക്കിയത്​. ചേർത്തല, ചെങ്ങന്നൂർ, കായംകുളം, ഹരിപ്പാട്​ അടക്കമുള്ള ഡിപ്പോകളിൽനിന്ന്​ ശനിയാഴ്ച രാവിലെ ചില ട്രിപ്പുകൾ വൈകിയിരുന്നു. ഡീസൽ എത്തിയതോടെ പ്രശ്നം പരിഹരിച്ചതായും ബസുകളിൽ ഇന്ധനം നിറക്കാൻ​ കാലതാമസം നേരിട്ടതാണ്​ ​ട്രിപ്പുകൾ വൈകാൻ കാരണ​മെന്നാണ്​ അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.